
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കന്നിയാത്രയിൽ ആർ.എസ്.എസ് ഗണഗീതങ്ങളിലൊന്നായ ദേശഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ എറണാകുളം സരസ്വതി വിദ്യാനികേതൻ സ്കൂൾ.
'പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ" പാടിയതിന് എല്ലാവിധ ബാലാവകാശങ്ങളും കാറ്റിൽപ്പറത്തിയാണ് സൈബറിടത്തിലും വാർത്താമാദ്ധ്യമങ്ങളിലും വിദ്യാർത്ഥിനികളെ ട്രെയിനിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് കടന്നാക്രമിക്കുന്നത്.
ആക്രമണം തുടർന്നാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ കെ.പി. ഡിന്റോ പറഞ്ഞു.ദേശഭക്തിഗാനം പാടിയതിന് ആർക്കെതിരെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണം നിർദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'എക്സി"ൽ നിന്ന് വിദ്യാർത്ഥിനികളുടെ ഗാനാലാപനം നീക്കിയപ്പോൾ സ്കൂൾ അധികൃതർ ഗാനത്തിന്റെ ഇംഗ്ളീഷ് പരിഭാഷ സഹിതം പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് രാത്രി തന്നെ ദൃശ്യങ്ങൾ പരിഭാഷയോടു കൂടി വീണ്ടും റെയിൽവേ പോസ്റ്റ് ചെയ്തത്.ഒരു വാർത്താ ചാനൽ ആവശ്യപ്പെട്ടപ്പോൾ വന്ദേഭാരതിലെ വിദ്യാർത്ഥി യാത്രാസംഘം ആദ്യം വന്ദേമാതരമാണ് പാടിയത്. മലയാളഗാനം കൂടി വേണമെന്ന് പറഞ്ഞപ്പോൾ 'പരമപവിത്രമതാമീ മണ്ണിൽ" പാടിയതാണ് വിവാദമായത്. എറണാകുളം നഗരത്തിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളാണ് സംഘപരിവാർ നിയന്ത്രണത്തിലുള്ള രാഷ്ട്ര ധർമ്മ പരിഷത്ത് ട്രസ്റ്റിന്റെ സരസ്വതി വിദ്യാനികേതൻ. ആർ.എസ്.എസ് സംസ്ഥാന കാര്യാലയവും സ്കൂളും ഒരേ വളപ്പിലാണ്.
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... എന്ന പാട്ടുപാടി സംഘനൃത്തം ചെയ്തവരാണ് ഞങ്ങളുടെ കുട്ടികൾ. ദേശഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ അവഹേളിച്ചാൽ കീഴടങ്ങുന്ന പ്രശ്നമില്ല.
•കെ.പി. ഡിന്റോ,
പ്രിൻസിപ്പൽ,
ഗണഗീതങ്ങൾ:
ആർ.എസ്.എസ് ശാഖകളിൽ പാടുന്ന വിവിധ ഭാഷകളിലെ ദേശഭക്തിഗാനങ്ങളാണ് ഗണഗീതങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം, വിനായകാഷ്ടകം, ഒ.എൻ.വി കുറുപ്പിന്റെ 'ഭാരതഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം" തുടങ്ങിയ കൃതികൾ ഗണഗീതങ്ങളിൽപ്പെടുന്നു.ആർ.എസ്.എസ് ശാഖകളിലും മറ്റു ചടങ്ങുകളിലും ധ്വജപ്രണാമം അർപ്പിച്ച ശേഷം വലതു കൈപ്പത്തി ഭൂമിക്ക് സമാന്തരമായി നെഞ്ചിൽ ചേർത്തുവച്ചു ചൊല്ലുന്ന 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ" എന്നു തുടങ്ങുന്നതാണ് ഔദ്യോഗിക പ്രാർത്ഥനാഗീതം.
അന്വേഷണം
അപഹാസ്യം:
എ.ബി.വി.പി
തിരുവനന്തപുരം:വന്ദേഭാരതിൽ വിദ്യാർത്ഥികൾ ദേശഭക്തി ജ്വലിപ്പിക്കുന്ന ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അന്വേഷണപ്രഖ്യാപനം അപഹാസ്യമാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് പറഞ്ഞു.
ദേശവിരുദ്ധരെ പ്രീണിപ്പിക്കാനുള്ള നീക്കമാണിത്. കുട്ടികൾ പാടിയ ഗണഗീതം മഹാഅപരാധമെന്ന് പിണറായി വിജയനും കെ.സി.വേണുഗോപാലും വി.ശിവൻകുട്ടിയുമെല്ലാം പ്രസ്താവന നടത്തിയാൽ ദേശഭക്തിയോ ദേശഭക്തി ഉളവാക്കുന്ന ഗീതങ്ങളോ നാട്ടിൽ നിന്നു തുടച്ചുമാറ്റാനാകില്ല.ഇത്തരക്കാരുടെ കൂറ് ആരോടാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗണഗീതം ചൊല്ലിയത്
ആഘോഷത്തിന്റെ
ഭാഗമായി: സുരേഷ് ഗോപി
തൃശൂർ: വന്ദേഭാരതിൽ വിദ്യാർത്ഥികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചൊല്ലിയതാണ്. അവർക്ക് അപ്പോൾ അതാണ് തോന്നിയത്,അത് ചെയ്തു. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. വിവാദമാകാനുള്ള കാര്യങ്ങൾ വേറെയുണ്ട്. തൃശൂരിലെ മോഡൽ കോളനി നഗർ,പാടൂക്കാട് നഗർ എന്നിവിടങ്ങളിലെ അസൗകര്യങ്ങൾ ഗുരുതരമാണ്. വന്ദേഭാരതത്തിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി,റെയിൽവേ മന്ത്രി,കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ജനങ്ങൾക്ക് വലിയ ആശ്വാസവും മുന്നേറ്റവും ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |