തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ വിക്ഷേപണം 2026ലേക്ക് നീട്ടി.കാരണം വ്യക്തമാക്കിയിട്ടില്ല.
2025ൽ നടത്താനായിരുന്നു മുൻ തീരുമാനം.ഡൽഹി ആകാശവാണിയിൽ സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥാനാണ് ഇക്കാര്യം അറിയിച്ചത്.
ഗഗൻയാൻ 1 (ജി-1), ഗഗൻയാൻ 2 (ജി-2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങൾ നടത്താനുണ്ട്. ജി-1 ഈ വർഷം അവസാനത്തോടെയും ജി-2 അടുത്ത വർഷവും പരീക്ഷിക്കേണ്ടതാണ്. ഇവയുടെ വിക്ഷേപണം വൈകുമോയെന്നു വ്യക്തമല്ല.
മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും അവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഗഗൻയാൻ ദൗത്യം. പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണൻ, ശുഭാൻശു ശുക്ല എന്നിവരെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത് പരിശീലനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഐ.എസ്.ആർ.ഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി ആവിഷ്കരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാറിന്റെ വിക്ഷേപണവും മാറ്റിവെച്ചിട്ടുണ്ട്.ഈ ഡിസംബറിൽ നടത്താനിരുന്ന നിസാർ വിക്ഷേപണം അടുത്ത വർഷം നടത്തും.നാസ നിർമ്മിച്ച ഉപഗ്രഹം ഐ.എസ്.ആർ.ഒയാണ് വിക്ഷേപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |