SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

സർക്കാർ ജീവനക്കാർക്ക് ആഴ്‌ചയിൽ അഞ്ചുദിവസം മാത്രം ജോലി; നിർദേശത്തിന് തത്വത്തിൽ  അംഗീകാരം

Increase Font Size Decrease Font Size Print Page
government-employees

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവ‌ൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് സംഘടനകൾ അഭിപ്രായം വ്യക്തമാക്കിയത്. സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയത്.

നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോൾ ആഴ്ചയിൽ ഏഴ് മണിക്കൂറിന്റെയും മാസത്തിൽ 21 മണിക്കൂറിന്റെയും വർഷത്തിൽ 36 ദിവസത്തെയും കുറവുണ്ടാകും. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കും. ഭരണച്ചെലവ് കുറയ്ക്കാം. കൂടുതൽ സമയം മറ്റാവശ്യങ്ങൾക്ക് ലഭിക്കും. ജീവനക്കാരുടെ ഉൽപാദന ക്ഷമതയും കാര്യശേഷിയും കൂട്ടാം. ഭരണ വേഗം വർദ്ധിപ്പിക്കാം.

അധിക ജോലി ചെയ്തുകൊണ്ട് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നാണ് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പ്രതികരിച്ചത്. പ്രതിവാര പ്രവൃത്തി ദിനം അഞ്ചാക്കുന്നതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചെയർമാൻ എസ്.സജീവ് പറഞ്ഞു. ദിവസവുമുള്ള പ്രവൃത്തി സമയം കൂട്ടിക്കൊണ്ട് ആഴ്ചയിൽ രണ്ട് അവധി ദിനം നൽകുന്നതിന്റെ കുറവ് നികത്താനാകുമെന്ന് സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് പറഞ്ഞു. അതിന്റെ പേരിൽ ജീവനക്കാരുടെ കാഷ്വൽ ലീവും അവധിയും കുറയ്ക്കുന്നതിനെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രവൃത്തി ദിവസം കുറയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി എൻ.ജി.ഒ.സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷും പറഞ്ഞിരുന്നു.

TAGS: GOVERNMENT EMPLOYEES, FIVE DAY WORKING DAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY