
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റിയെ നിയോഗിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. യു.ജി.സി നിയമത്തിലും കണ്ണൂർ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ സുപ്രീംകോടതി അത് പരിഗണിക്കുന്നില്ല. വി.സിയെ കോടതിക്ക് തീരുമാനിക്കാമെന്ന നിലപാട് ശരിയല്ലെന്നും ഗവർണർ പറഞ്ഞു.
ജനാധിപത്യത്തിൽ ഓരോ സ്ഥാപനത്തിനും ചുമതലകളും പരിധികളുമുണ്ട്. ഒരു സ്ഥാപനം മറ്റൊന്നിന്റെ ചുമതല കൈയേറുന്ന പ്രവണത ശരിയല്ല. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തുകൊള്ളാമെന്നു പറയരുത്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനും നിയമസഭയ്ക്കുമുള്ളതാണ്. കോടതികൾ ഭരണഘടന വ്യാഖ്യാനിക്കുകയാണ് ചെയ്യേണ്ടത്.ഭേദഗതി ചെയ്യുകയല്ല. യതോ ധർമ്മസ്തതോ ജയഃ, ഇതാവണം കോടതി. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
ഒരേ വിഷയത്തിൽ, സമാന സാഹചര്യങ്ങളിൽ പോലും കോടതികളും ന്യായാധിപന്മാരും വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകുന്നത് അത്ഭുതകരമാണ്. കേരളത്തിലെ സർവകലാശാല വിഷയം എല്ലായിടത്തും ചർച്ച ചെയ്യുന്നതാണ്. കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ വിധി യു.ജി.സിയുടെ അവകാശങ്ങളെ അംഗീകരിക്കുന്നതും ഗവർണറെ ബഹുമാനിക്കുന്നതുമായിരുന്നു. വി.സി നിയമനത്തിനുള്ള അധികാരം ചാൻസലർക്കാണെന്ന് ഈ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിഷയത്തിൽ സുപ്രീംകോടതി തന്നെ സെർച്ച് കമ്മിറ്റിയെ വച്ച് നിയമനം നടത്തുന്നത് ശരിയല്ല. നാളെ ഭരണഘടന സ്ഥാപനങ്ങളോട് ഇങ്ങനെ പെരുമാറുമോയെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇങ്ങനെ ചെയ്യുമോയെന്നും ഗവർണർ ചോദിച്ചു.
ദ ലാ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പുരസ്കാരം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും മുൻ കേരള ഗവർണറുമായ ജസ്റ്റിസ് പി.സദാശിവത്തിന് ഗവർണർ സമ്മാനിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
എ.ഐ അധിഷ്ഠിതവും സങ്കീർണതകൾ നിറഞ്ഞതുമായ കാലഘട്ടത്തിൽ മനുഷ്യത്വത്തിന് പ്രാധാന്യം നൽകാൻ കോടതികൾക്കാകണമെന്നും ഇക്കാര്യത്തിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരെ മാതൃകയാക്കണമെന്നും ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.
ദ ലാ ട്രസ്റ്റ് രക്ഷാധികാരി അഡ്വ.എം.ഷഹീദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.ബാബു, ജസ്റ്റിസ് എ.ബദറുദ്ദീൻ, അഡി.അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, അഡ്വ.ടി.എസ്.അജിത്ത്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി എസ്.സമീന, ദ ലാ ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.സന്തോഷ് കുമാർ, സെക്രട്ടറി അഡ്വ.കെ.പ്രേമകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |