തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണത്തിന് ഒരു തടസവുമുണ്ടാകില്ലെന്നും ആവശ്യത്തിന് കിറ്റുകൾ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചതായും മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി. ഇവ വിതരണം ചെയ്യുന്നതിന് റേഷൻ വ്യാപാരികൾക്ക് പ്രത്യേക കമ്മീഷൻ നൽകണമെന്ന ആവശ്യം തത്കാലം പരിഗണിക്കാൻ കഴിയില്ല. റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞ വർഷം 5.97കോടിയും ഇൗ വർഷം 4.68 കോടിയും കമ്മീഷനായി നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് ആയിരം രൂപയുടെ സഹായവും നൽകി. റേഷൻ വിതരണത്തിന് തടസമായുള്ള സെർവർ തകരാർ, ആധാർ സൈറ്റിന്റെ കാലതാമസം, സിം തകരാർ എന്നിവ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
84 കേരഗ്രാമങ്ങൾ നടപ്പാക്കും : മന്ത്രി പി.പ്രസാദ്
ഹോർട്ടികോർപ്പ് കുടിശിക തീർക്കും
തിരുവനന്തപുരം : 84 കേരഗ്രാമങ്ങൾ കൂടി ഈവർഷം നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. തെങ്ങുകയറ്റ യന്ത്രങ്ങളും കേരഗ്രാമത്തിന്റെ ഭാഗമാക്കും. ഉത്പാദനക്ഷമതയുള്ള കുറിയ ഇനം തെങ്ങുകൾ ഉൾക്കൊള്ളുന്ന ന്യൂക്ലിയസ് ഫാമുകൾ കർഷകരുടെ കൃഷിത്തോട്ടങ്ങളുടെ ഭാഗമാക്കും. 50 സെന്റെങ്കിലും വീതമുള്ള 76 മാതൃകാതോട്ടങ്ങൾ ഈ വർഷം സജ്ജമാക്കും. കരിക്ക് ഉത്പാദനത്തിനാകും മുൻഗണന. നാളികേര കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 15 ലക്ഷം തെങ്ങിൻതൈകൾ നട്ടുവളർത്തും. ഹോട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക ഈ മാസം കൊടുത്തുതീർക്കും. കൊമ്പൻചെല്ലി, ആഫ്രിക്കൻ ഒച്ച് എന്നിവയുടെ നിയന്ത്രണത്തിനായി ഇവയുടെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ഏകദിന കീടനശീകരണ കാമ്പെയിൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഷോപ്പ് ഓൺ വീലിന് 43
കെ.എസ്.ആർ.ടി.സി ബസുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഷോപ്പ് ഓൺ വീൽ പദ്ധതിയിൽ 43 ബസുകളെ ഉൾപ്പെടുത്തിയെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. ഉപയോഗശൂന്യമായ ബസുകൾ രൂപമാറ്റം വരുത്തി ഇതിനായി ഉപയോഗിക്കും. മിൽമ 22, കെ.ടി.ഡി.സി 1, ലൂബ് ഷോപ്പ് 2, കുടുംബശ്രീ 2, ഹോർട്ടികോർപ്പ് 2, പട്ടികജാതി പട്ടികവർഗ വകുപ്പ് 14 എന്നിങ്ങനെയാണ് ബസുകൾ ലഭ്യമാക്കിയത്. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി സ്റ്റാഫ് സ്ലീപ്പറായി 21 ബസുകളും വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ നാല് ബസും രൂപമാറ്റം വരുത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസിനായുള്ള എട്ട്, എച്ച് ടെസ്റ്റുകൾ തുടരും. കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത മോട്ടോർ വാഹനനിയമത്തിൽ ഈ പ്രായോഗിക ടെസ്റ്റുകളെക്കുറിച്ച് പറയുന്നില്ല. എന്നാൽ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ഈ ടെസ്റ്റുകൾ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |