ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ പെരിയാറിന് അഭിമുഖമായി ഗുരുദേവൻ വിശ്രമിച്ചിരുന്ന ധ്യാനമന്ദിരം പഴയ രൂപത്തിൽ പുനർനിർമ്മിക്കും.
1954ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിദ്ധീകരിച്ച ആൽബത്തിൽ ഗുരു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. അതേ മാതൃകയിൽ അതേ സ്ഥലത്താണ് ഓടു മേഞ്ഞ പുതിയ കെട്ടിടം വിഭാവന ചെയ്തിട്ടുള്ളത്.
സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ഗുരുവിന്റെ ധ്യാന മന്ദിരം പുനർനിർമ്മിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപാണ് കെട്ടിടം നിർമ്മിച്ച് സമർപ്പിക്കുന്നത്.
ജൂൺ ഒന്നിന് രാവിലെ 10.30ന് കുറ്റിയടിക്കൽ നടക്കും. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ഡോ. എ.വി. അനൂപും പങ്കെടുക്കുമെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു.
ഓൺലൈൻകോഴ്സ്
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ കോഴ്സ് ആരംഭിച്ചു. റെക്കോർഡഡ് ക്ലാസ് ആയതിനാൽ ഇഷ്ടാനുസരണം കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാം. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രാദേശിക കൂട്ടായ്മകൾക്കും കോഴ്സിൽ പങ്കെടുക്കാം. https;//www.kila.ac.in എന്ന വെബ്സൈറ്റിലും https;//ecourses.kila.ac.in എന്ന ഇ-കോഴ്സ് പോർട്ടൽ വഴിയും ക്യൂ ആർ കോഡ് സ്കാൻ ചെയ്തും കോഴ്സിൽ രജിസ്റ്റർ ചെയ്യാം.
എം.എ.യൂസഫലിക്ക് അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്കാരം
തിരുവനന്തപുരം: മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം ഡോ.എം.എ.യൂസഫലിക്ക്. പടിഞ്ഞാറേക്കോട്ട മിത്രനികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന സംഗമത്തിൽ ജൂൺ 9ന് രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരം നൽകും. ഹരിപ്പാട് രാധാകൃഷ്ണൻ നായർ,അമ്പാമോഹൻ,ജസീന്ത മോറിസ്,ശംഖുമുഖം അജിത്,ഗോപകുമാർ മാതൃക,സീനത്ത് ഹസ്സൻ എന്നിവരെയും 90 വയസ്സിനുമേൽ പ്രായമായ ഗാന്ധിയന്മാരെയും ചടങ്ങിൽ ആദരിക്കുമെന്ന് ചെയർമാൻ ഡോ.അശോകൻ നാടാലയിൽ പറഞ്ഞു. ആൾസെയിന്റ്സ് അനിൽ,പാദുവ വിൻസന്റ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |