കൊച്ചി: വൈദ്യുത സ്കൂട്ടറുകളുടെ മോട്ടോർശേഷി അനധികൃതമായി വർദ്ധിപ്പിച്ച് വില്പന നടത്തിയ മൂന്ന് ഷോറൂമുകൾ മോട്ടോർ വാഹന വകുപ്പ് പൂട്ടിച്ചു. ഇലക്ട്രിക് സ്കൂട്ടറുകളെ കേന്ദ്രീകരിച്ച് എം.വി.ഡി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ശേഷി വർദ്ധിപ്പിച്ച വൈദ്യുത സ്കൂട്ടർ വില്പനയിലൂടെ സംസ്ഥാനത്തിന് 100 കോടിയിലധികം രൂപയുടെ നികുതി നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോറുകൾക്ക് 250 വാട്സേ പാടുള്ളൂ. വേഗപരിധി 25 കിലോമീറ്ററിൽ കൂടരുത്. ഭാരം 60 കിലോഗ്രാമിൽ നിജപ്പെടുത്തണം. തുടങ്ങിയവയാണ് നിബന്ധനകൾ. എന്നാൽ ഈ സ്കൂട്ടറുകളിൽ 1000 വാട്‌സിലേറെ ശേഷിയുള്ള മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുതെന്നും 40 കിലോമീറ്ററിലധികം വേഗതയിൽ പോകുമെന്നുമാണ് എം.വി.ഡി കണ്ടെത്തിയത്.
നികുതി 5 ശതമാനം
67,000 മുതൽ 1.56 ലക്ഷം രൂപ വരെയാണ് വൈദ്യുത സ്കൂട്ടറുകളുടെ വില. ഇവയ്ക്ക് അഞ്ച് ശതമാനമാണ് റോഡ് നികുതി. വില കുറഞ്ഞ വാഹനങ്ങളാണ് മോട്ടോർ ശേഷി ഉയർത്തി വിൽക്കുന്നത്. രേഖകളിൽ ശേഷി കുറവായതിനാൽ ഇവയ്ക്ക് നികുതി നൽകേണ്ടതില്ല.
180 സ്കൂട്ടർ
രാജ്യത്ത് 180 തരം വൈദ്യുത സ്കൂട്ടറുകളാണ് വിപണയിലുള്ളത്. ചൈനയിൽ നിന്നും മോട്ടോറുകളെത്തിച്ച് ഇന്ത്യയിലാണ് ഇവ നിർമ്മിക്കുന്നത്. കേരളത്തിലുടനീളം ഇത്തരം ഷോറൂമുകളുണ്ട്. ലൈസൻസും രജിട്രേഷനും ആവശ്യമില്ലെന്നും മറ്റ് വൈദ്യുത സ്കൂട്ടറുകളോട് കിടപിടിക്കുന്ന വേഗതയുണ്ടെന്നും വിശ്വസിപ്പിച്ചാണ് വില്ക്കുന്നത്.
''മോട്ടോർ ശേഷിയിൽ കൃത്രിമം കാണിച്ച് വിറ്റ വൈദ്യുത സ്കൂട്ടറുകൾ സ്കൂൾ കുട്ടികളടക്കം ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും""
-ജി.അനന്ദകൃഷ്ണൻ, ആർ.ടി.ഒ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |