
കൊച്ചി: ശേഷികൂടിയ വൈദ്യുതിലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകൾക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുമ്പോൾ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പരിഗണിക്കാനാകുമോയെന്ന് ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖത്തിനായി 220 കെ.വി വൈദ്യുതി ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് ഭൂമിയുടെ സ്വതന്ത്ര ഉപയോഗം തടസപ്പെട്ട ഭൂവുടമകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ നിയമം ബാധകമാകുമോയെന്ന് ബന്ധപ്പെട്ട അതോറിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് വിലയിരുത്തിയ കോടതി ഹർജികൾ തളളുകയും ചെയ്തു.
ഉയർന്ന ശേഷിയുള്ള ലൈനുകൾ വലിക്കുന്നതിലൂടെ ഉണ്ടാകുന്ന കൃഷിനാശത്തിനു മാത്രമേ വൈദ്യുതി നിയമപ്രകാരം ഇപ്പോൾ നഷ്ടപരിഹാരം ലഭിക്കൂ. കെ.എസ്.ഇ.ബി നൽകുന്ന നഷ്ടപരിഹാരം പര്യാപ്തമല്ലെങ്കിൽ കൂടുതൽ തുകയ്ക്കായി ജില്ലാ കോടതിയെ സമീപിക്കണമെന്നാണ് വൈദ്യുതി നിയമത്തിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |