തിരുവനന്തപുരം : നൃത്തത്തിനും വ്യായാമത്തിനുമിടയിൽ ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്ന ഭയപ്പെടുത്തുന്ന വാർത്തകൾ ദിനംപ്രതി . ഹൃദയാരോഗ്യ സംരക്ഷണം വലിയ വെല്ലിവിളിയായി മാറുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രതിവർഷം മരിക്കുന്നത് ഹൃദ്രോഗത്താലാണെന്നും, കൊവിഡിന് ശേഷം ഇതിൽ വർദ്ധനയുണ്ടായെന്നും, പ്രമുഖ ഹൃദ്രോഗ വിഗ്ദ്ധനും അനന്തപുരി ആശുപത്രിയിലെ കാർഡിയോവാസ്കുലർ സെന്റർ മേധാവിയുമായ ഡോ.സി.ജി ബാഹുലേയൻ പറയുന്നു. നാളെയാണ് ലോക ഹൃദയ ദിനം.
യുവാക്കളിൽ ഹൃദ്രോഗത്തിൽ വർദ്ധനവുണ്ടോ?
വിദേശ രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ ഹൃദ്രോഗം ശരാശരി പത്തു വർഷം നേരത്തെ പിടിപെടുന്നുവെന്നാണ് കണക്ക്. രാജ്യത്തെ ആകെ ഹൃദ്രോഗികളിൽ 40 ശതമാനവും 35-45
വയസിന് ഇടയുള്ളവരായി മാറുന്നുവെന്നത് ആശങ്കയാണ്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ മരണത്തിന് കീഴടങ്ങുന്നു.
കൊവിഡാനന്തരം ഹൃദ്രോഗ ചികിത്സ കൂടുന്നുണ്ടോ?
പലതരത്തിലുള്ള വെല്ലുവിളികളാണ് കൊവിഡാനന്തരമുള്ളത് . ഹൃദ്രോഗങ്ങൾ പ്രകടകമാകുന്ന സ്വഭാവം തന്നെ മാറി . ലക്ഷണങ്ങളില്ലാതെ നിരവധി പേർ മരണത്തിന് കീഴടങ്ങുന്നു. ചുമയും കഫക്കെട്ടുമായി എത്തുന്നവരിൽ ഹൃദ്രോഗം കണ്ടെത്തുന്നു. ചികിത്സയുടെ ഫലം കുറയ്ക്കുന്ന സാഹചര്യവുമുണ്ട്. ഹൃദ്രോഗം ആവർത്തിക്കുന്ന സ്ഥിതിയുമുണ്ട്. കൊവിഡ് ഹൃദയാരോഗ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയെന്നതിൽ സംശയമില്ല.
സി.പി.ആർ വ്യാപകമാക്കുന്നതിന്റെ പ്രാധാന്യം?
കൃത്രിമ ശ്വസോച്ഛാസം നൽകുന്ന സി.പി.ആർ മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലമാണ്. എല്ലാവരും പഠിച്ചിരിക്കണം. എന്നാൽ ഇന്ത്യ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഇനിയും ശാസ്ത്രീയവും ഫലപ്രദവുമായി സി.പി.ആർ അവബോധം സൃഷ്ടിച്ചിട്ടില്ല. ആരോഗ്യരംഗത്ത് രാജ്യത്തിന് കേരളം മാതൃകയാണെന്നതിൽ സംശയമില്ല. കേരളത്തിൽ ഗ്രാമ,നഗര വ്യത്യാസമില്ലാതെ ഒരാൾക്ക് ഇ.സി.ജിയെടുക്കാൻ അതിവേഗം സാധിക്കും. സി.പി.ആർ പോലുള്ള ജീവൻരക്ഷാ മാർഗങ്ങൾ താഴേത്തട്ടിൽ പഠിപ്പിച്ച് മാതൃകയാകേണ്ടതും കേരളത്തിലാണ്.
പുതിയകാലത്തെ ഹൃദയാരോഗ്യ സംരക്ഷണം?
അപകട സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് ജീവിക്കണം. ഉയരവും ഭാരവും സന്തുലിതമാണോയെന്ന് ഉറപ്പിക്കണം. പ്രമേഹം,കൊളസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രണ വിധേയമായിരിക്കണം. പച്ചക്കറികളും പഴങ്ങളും മത്സ്യവും അടങ്ങിയ ആഹാരത്തിനു പ്രാധാന്യം നൽകണം. പുകവലിയും മദ്യപാനവും കുറയ്ക്കണം.മാനസിക സമ്മർദ്ദം കുറയ്ക്കാനും നിത്യവും വ്യായാമം ചെയ്യാനും ശ്രമിക്കണം.
ഹൃദ്രോഗ സാദ്ധ്യത മുൻകൂട്ടി തിരിച്ചറിയാനാകുമോ?
പാരമ്പര്യമായി ഹൃദ്രോഗമുള്ളവർക്കും,അമിത വണ്ണം,ഉയർന്ന പ്രമേഹം,ബി.പി എന്നിവയുള്ളവർക്കും സാദ്ധ്യതയേറെയാണ്. ഇക്കൂട്ടർ രണ്ടുതരം പരിശോധന നടത്തുന്നത് നല്ലതാണ്. രക്തപരിശോധനയിലൂടെ ലിപ്പോപ്രോട്ടീൻ എയുടെ(എൽ.പി.എ) അളവ് തിരിച്ചറിയാം. 50മില്ലിഗ്രാമിൽ കൂടുതലാണെങ്കിൽ സൂക്ഷിക്കണം. കൊറോണറി കാത്സ്യം സ്കാനിലൂടെ ഹൃദയധമനികളിൽ രോഗത്തിന് കാരണമാകുന്ന കാത്സ്യം അടിയുന്നതിന്റെ അളവ് മനസിലാക്കാം. ഇത് പൂജ്യത്തിലാണെങ്കിൽ സുരക്ഷിതം,300കടന്നാൽ അപകടവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |