കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആർ വിഭാഗം ജീവനക്കാരി തൃശൂർ തോള്ളൂർ പള്ളത്തിൽ ഹൗസിൽ മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആശുപത്രിയിലെ ലാബ് ജീവനക്കാരി കണ്ണൂർ നെല്ലിയോട് കിഴക്കേ വീട്ടിൽ സ്വാതി സത്യനും (25) ഗുരുതര പരിക്കേറ്റിരുന്നു.
ഹോസ്റ്റലിലെ രണ്ടാം നിലയിൽ താമസിക്കുകയായിരുന്ന യുവതികൾ അടച്ചിട്ടിരുന്ന ടെറസിലെത്തി പ്ലംബിംഗ് ഡക്ടിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബിന് മുകളിലിരുന്ന് സ്നാക്സ് കഴിക്കുകയായിരുന്നു. ഇതിനിടെ സ്ലാബ് തകർന്ന് ഒരാൾ താഴേക്കും രണ്ടാമത്തെയാൾ ഡ്രെയിനേജ് ടാങ്കിനുള്ളിലും പതിച്ചു. ഡ്രെയിനേജ് ടാങ്കിന് പുറത്ത് വീണ യുവതി ഇഴഞ്ഞെത്തി ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ ശ്രമിച്ചിട്ടും ടാങ്കിനുള്ളിൽ വീണ യുവതിയെ പുറത്തെടുക്കാനായില്ല. പിന്നീട് പരവൂരിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് യുവതിയെ പുറത്തെടുത്തത്.
രണ്ടുപേരും ഇവർ ജോലി ചെയ്യുന്ന നഗരപരിധിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മനീഷയ്ക്ക് തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് ഇന്ന് മരണം സംഭവിച്ചത്. ചാത്തന്നൂർ പൊലീസ് അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |