
കൊച്ചി: ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ കാലഹരണപ്പെട്ട ഹെഡ് മാസ്‌റ്റർ ക്വാട്ട തുടരുന്നതിനാൽ അദ്ധ്യാപക തസ്തികകൾ കൂട്ടത്തോടെ നഷ്ടപ്പെടുന്നതായി ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 77 ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും 36 ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകി. ഇതിൽ 17 ഹെഡ്മാസ്റ്റർമാരെ ഉൾക്കൊള്ളിക്കാനുള്ള തസ്തികകൾ ഹയർ സെക്കൻഡറിയിൽ നിലവിലില്ല. അദ്ധ്യാപകർ വിരമിക്കുന്നതിന് അനുസരിച്ചേ ഇവർക്ക് പ്രിൻസിപ്പലായി ജോലിയിൽ ചേരാനാവൂ. ഹിന്ദിയിൽ 11 പേർക്കും കണക്കിൽ മൂന്നു പേർക്കും സോഷ്യോളജി, സംസ്‌കൃതം, കന്നഡ വിഷയങ്ങളിൽ ഓരോരുത്തർക്കും ചേരാൻ നിലവിൽ തസ്തികയില്ല. 36 ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർമാർ പ്രിൻസിപ്പൽമാരായി മാറുന്നതോടെ അത്രയും ഹയർ സെക്കൻഡറി തസ്തികകൾ ഇല്ലാതാവും. വർഷങ്ങൾ കാത്തിരുന്ന് സീനിയർ പ്രൊമോഷൻ ലഭിച്ച അദ്ധ്യാപകരെ ജൂനിയറായി തരം താഴ്‌ത്തേണ്ടി വരും. സീനിയർ സ്ഥാനക്കയറ്റവും പി.എസ്.സി നിയമനവും ഇതുവഴി തടസപ്പെടുമെന്ന് അസോസിയേഷൻ പറയുന്നു.
പ്രിൻസിപ്പൽ തസ്തിക 12 വർഷ ഹയർ സെക്കൻഡറി അദ്ധ്യാപന പരിചയമുള്ള അദ്ധ്യാപകരുടെ മാത്രം സ്ഥാനക്കയറ്റ തസ്തികയാക്കി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും ഹയർ സെക്കൻഡറി അദ്ധ്യാപന പരിചയമില്ലാത്ത ഹെഡ്മാസ്റ്റർമാരെ പ്രിൻസിപ്പലായി നിയമിക്കുന്ന രീതി അവസാനിപ്പിക്കണം
- അനിൽ എം. ജോർജ്
എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |