17വർഷം, 2700 നിയമനം നിയമവിരുദ്ധം
ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൽ (ഐ.സി.എ.ആർ) സ്ഥാപനങ്ങളിൽ സീനിയർ ശാസ്‌ത്രജ്ഞർ അടക്കം ഉന്നത തസ്‌തികകളിൽ സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നിയമനം. 2007 മുതൽ 2,700-ലധികം തസ്‌തികകളിലാണ് ഒ.ബി.സി, പട്ടികജാതി, പട്ടിക വർഗ സംവരണം അട്ടിമറിക്കപ്പെട്ടത്. സ്ഥാനക്കയറ്റത്തിലും സംവരണം പാലിക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിത്.
സീനിയർ സയന്റിസ്റ്റ്,പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഡയറക്ടർ, ഡയറക്ടർ ജനറൽ, അഡീഷണൽ ഡയറക്ടർ ജനറൽ, വകുപ്പ് മേധാവി, റീജിയണൽ സെന്റർ , പ്രോജക്ട് കോർഡിനേറ്റർ, ഡയറക്ടർ ജനറൽ, അഡീഷണൽ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തുടങ്ങി 1,884 തസ്തികകളിലാണ് ലാറ്ററൽ എൻട്രി നിയമനം.
ലോകത്തെ ഏറ്റവും വലിയ കാർഷിക ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐ.സി.എ.ആറിൽ 6,304 ശാസ്ത്രജ്ഞരുണ്ട്. ഇവരിൽ 4,420 പേർ എ.ആർ.എസ് (അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ്) വഴി യോഗ്യതാ പരീക്ഷ, അഭിമുഖം എന്നിവയ്‌ക്ക് ശേഷം സംവരണ തത്വങ്ങൾ പാലിച്ച് നിയമിക്കപ്പെട്ടവരാണ്. അതേസമയം
2007 മുതൽ അഗ്രികൾച്ചറൽ സയന്റിസ്റ്റ്‌സ് റിക്രൂട്ട്‌മെൻ്റ് ബോർഡ്(എ.എസ്.ആർ.ബി) വഴിയാണ് ഐ.സി.എ.ആറിന്റെ 113 സ്ഥാനങ്ങളിലെ സീനിയർ സയന്റിസ്റ്റ് അല്ലെങ്കിൽ മുകളിലുള്ള തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സംവരണം അട്ടിമറിക്കാൻ
പ്രത്യേകം പരസ്യം നൽകും. അപേക്ഷകർ അഭിമുഖം മാത്രം പാസായാൽ മതി.
എ.ആർ.എസ് നിയമനം ലഭിച്ച് 25 വർഷത്തിലധികം സേവനമനുഷ്ഠിച്ച ശാസ്ത്രജ്ഞർക്ക് ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ് കാരണം ഉന്നത തസ്‌തികകളിൽ (ആർ.എം.പി-റിസർച്ച് മാനേജ്മെന്റ് തസ്‌തികകൾ) സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഈ തസ്‌തികകളിൽ ഒ.ബി.സി, പട്ടികജാതി,പട്ടിക വർഗ വിഭാഗക്കാർ നാമമാത്രം. ഉള്ളവരിൽ പലരുമെത്തിയത് കേസിലൂടെ. കൂടാതെ എ.എസ്.ആർ.ബിയുടെ സെലക്‌ഷൻ ബോർഡിൽ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ പ്രതിനിധികൾ നിർബന്ധമായും ഉണ്ടാകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.
ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ് നിരോധിക്കണമെന്ന് ശാസ്‌ത്രജ്ഞരുടെ സംഘടനയായ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് സയന്റിസ്റ്റ് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടയ കേസുകൾ വേഗത്തിൽ
തീർപ്പാക്കും: റവന്യൂ മന്ത്രി
തിരുവനന്തപുരം: കാലങ്ങളായി തീർപ്പാകാതെ നിൽക്കുന്ന പട്ടയ കേസുകൾ ഈ സർക്കാരിന്റെ കാലത്തുതന്നെ തീർപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റൽ സർവേ എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെയും സബ് കളക്ടർമാരുടെയും ഡെപ്യൂട്ടി കളക്ടർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40,000 പട്ടയ കേസുകളാണ് തീർപ്പാക്കാനുള്ളത്. കേസുകളുടെ തൽസ്ഥിതി പരിശോധിക്കണം. ഇതിനായി എൽ.ആർ ഡെപ്യൂട്ടി കളക്ടർമാർ, എൽ.ടി തഹസിൽദാർമാർ എന്നിവരുടെ യോഗം ചേരാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു. പട്ടയ അപേക്ഷകളിൽ ഒഴിവാക്കപ്പെട്ട ആളുകളിൽ അർഹരായവർ ഉണ്ടോ എന്നും പരിശോധിക്കും.
ഭൂമി തരംമാറ്റത്തിൽ ഏജന്റുമാരുടെ ഇടപെടലുണ്ടാകരുത്. രണ്ടാഴ്ചയിലൊരിക്കൽ ഭൂമി തരംമാറ്റം ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ അവലോകനയോഗം ചേരണം.
ഡിജിറ്റൽ റീ സർവേ പ്രക്രിയയുടെ പുരോഗതി സർവേ ഡയറക്ടർ സീറാം സാംബശിവ റാവു ഓൺലൈനിൽ വിവരിച്ചു. ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിലെ കരട് റിപ്പോർട്ട് അതത് പ്രദേശങ്ങളിലെ ഭൂവുടമകൾ കണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
നടിയുടെ മൊഴി ഓൺലൈനായി എടുത്തു
തിരുവനന്തപുരം: സംവിധാകയനെതിരേ ആരോപണമുന്നയിച്ച നടിയുടെ മൊഴി ദുബായിൽ നിന്ന് വീഡിയോ കോൾ വഴി രേഖപ്പെടുത്തി. രാത്രി വാതിലിൽ മുട്ടിയതും അഭിനയിച്ച സിനിമകളിൽ പ്രതിഫലം നൽകാത്തതുമടക്കം പരാതിയിലെ ആരോപണങ്ങൾ അവർ ആവർത്തിച്ചു. 18വർഷം മുൻപുള്ള സംഭവത്തിലാണ് പരാതി. ഇതിന്റെ ആധികാരികത പരിശോധിച്ച ശേഷം തുടർനടപടിയെടുക്കും. 2006ൽ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ തുടർച്ചയായി രാത്രികളിൽ കതകിൽ മുട്ടിയെന്നാണ് പരാതി. അതേസമയം, കോഴിക്കോട്ട് രണ്ട് നടന്മാർക്കെതിരേ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |