
മലപ്പുറം: ഒന്നു തിരിഞ്ഞുകിടക്കാൻ പോലും നവാസിന് പരസഹായം വേണമായിരുന്നു, ശരീരമാസകലം തുളഞ്ഞുകയറുന്ന വേദന. സന്ധികളെ ബാധിക്കുന്ന ജുവനൈൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗം പലതവണ വേട്ടയാടി. രോഗത്തെയും പരീക്ഷകളെയും നിശ്ചയദാർഢ്യത്തോടെ കീഴടക്കിയ എടപ്പാൾ വെങ്ങിനിക്കര മുണ്ടേങ്കാട്ടിൽ നവാസ് ഇന്ന് പൊന്നാനിയിൽ ജി.എസ്.ടി ഓഫീസറാണ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗാവസ്ഥയിലായത്. ദഫ്‌മുട്ട് പരിശീലനത്തിനിടെ സന്ധിവേദന സഹിക്കാനാവാതെ നിലത്തുവീണു. ദിവസങ്ങളോളം പനിയും സന്ധികളിലാകെ നീരും വന്നു. പല ചികിത്സകൾ നടത്തിയെങ്കിലും മൂന്നുവർഷമെടുത്തു രോഗം തിരിച്ചറിയാൻ. അപ്പോഴേക്കും ശരീരം തളർന്ന അവസ്ഥയിലായിരുന്നു.
കൂടെ പഠിച്ചവർ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയപ്പോൾ നവാസിന് കരച്ചിൽ വന്നു. പക്ഷേ, മനസ് തളർന്നില്ല. 18 കഴിഞ്ഞാൽ ഓപ്പൺ സ്‌കീമിൽ പത്താംതരം എഴുതാമെന്നറിഞ്ഞതോടെ വീട്ടിലിരുന്ന് സ്വയം പഠിച്ചു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അസുഖം മൂർച്ഛിച്ച് വീണ്ടും ആശുപത്രിയിലായി. തൊട്ടടുത്ത വർഷം സഹോദരങ്ങളുടെ തോളിലേറി പരീക്ഷയ്ക്കെത്തി. സെക്കൻഡ് ക്ലാസോടെ വിജയിച്ചു. വീടിനുസമീപത്തെ ദാറുൽഹിദായ സ്കൂളിൽ പ്ലസ്‌വണ്ണിന് പ്രവേശനം നേടിയെങ്കിലും വേദന മൂലം ക്ലാസിലിരിക്കാൻ കഴിഞ്ഞില്ല. വീട്ടിലിരുന്ന് പഠിച്ച് ഫസ്റ്റ് ക്ലാസ് നേടി. ബികോമിന് 75 % മാർക്കുനേടി സി.എ കോഴ്സിന് ചേർന്നു. ഇതിനിടെ കൊമേഴ്സ്യൽ ടാസ്‌ക് ഓഫീസർ നിയമനത്തിനുള്ള പി.എസ്.സി പരീക്ഷയെഴുതി മൂന്നാംറാങ്ക് നേടി. സി.എ ഫൈനൽ പരീക്ഷയ്ക്ക് തയ്യാറാവുമ്പോൾ രോഗം മൂർച്ഛിച്ചു. രണ്ട് ഇടുപ്പെല്ലും കാൽമുട്ടുകളും മാറ്റിവച്ചില്ലെങ്കിൽ ശരീരം പൂർണമായി തളർന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. 2015ൽ ശസ്ത്രക്രിയ നടത്തി. ഒന്നരവർഷം ബെഡ് റെസ്റ്റെടുത്തെങ്കിലും സി.എ പഠനം മുടക്കിയില്ല. 2018ൽ കല്യാണം നിശ്ചയിച്ചു. വിവാഹത്തലേന്നാണ് ജി.എസ്.ടി ഓഫീസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. തൊട്ടുപിന്നാലെ സി.എ പരീക്ഷയും പാസായി. 40 കാരനായ നവാസ് ഇപ്പോൾ കെ.എ.എസിന്റെ റാങ്ക് പട്ടികയിലുമുണ്ട്. നൗഷിദയാണ് ഭാര്യ. മക്കൾ: അവ, ആമിഷ് അലൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |