
മലപ്പുറം: നിലമ്പൂർ വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫീസറിൽ നിന്നു ലഭിച്ച റിപ്പോർട്ട് തിരുവനന്തപുരത്തെ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറിലേക്ക് അയച്ചിട്ടുണ്ടെന്ന് നിലമ്പൂർ ഐ.ടി.ഡി.പി അധികൃതർ. കാട്ടുനായ്ക്ക, മുതുവാൻ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞിട്ടുണ്ട്. ആദിവാസി ജനതയ്ക്ക് അധിക സഹായം ലഭിച്ചത് ഉപകാരപ്രദമാണ്. ഇവരുടെ ഉന്നമനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. റേഷൻ കടകൾ വഴി ലഭിക്കുന്ന 30 കിലോ അരിക്ക് പുറമെ ഫുഡ് സപ്പോർട്ട് പ്രോഗ്രാം വഴി ഭക്ഷണക്കിറ്റ് നൽകുന്നുണ്ട്. ഗർഭിണികൾക്ക് മൂന്ന് മാസം മുതൽ കുട്ടിക്ക് രണ്ട് വയസ് പൂർത്തിയാകും വരെ ജനരക്ഷ പദ്ധതിയിലൂടെ പോഷകാഹാരത്തിന് മാസം തോറും 1000 രൂപ നൽകിവരുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പ്രൊമോട്ടർമാരുടെ സേവനവും ലഭ്യമാക്കുന്നു.
വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ പട്ടിണിയും ദുരിതവും തുറന്നുകാണിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് മന്ത്രി ഒ.ആർ.കേളു ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുന്ദരൻ എന്ന ആദിവാസി യുവാവിന് പാറശാലയിലെ പ്രമുഖ വ്യവസായിയും പോൾരാജ് ആൻഡ് സൺസ് ഉടമയുമായ എ.പോൾരാജ് ഒരുലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |