തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ജേക്കബ് ഈപ്പന്റെ വേർപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. പശ്ചിമ ജർമ്മനിയിലെ കെയ്ൽ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ജേക്കബ് ഈപ്പൻ, മാത്യു കുര്യനുമായി ചേർന്ന് ഇന്ത്യൻ സ്കൂൾ ഒഫ് സോഷ്യൽ സയൻസ് സ്ഥാപിക്കാൻ മുൻകൈയെടുത്തു. സ്കൂൾ ഒഫ് സോഷ്യൽ സയൻസ് ഡയറക്ടർ, സോഷ്യൽ സയന്റിസ്റ്റിന്റെ പത്രാധിപർ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം, സംസ്ഥാന ആസൂത്രണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജേക്കബ് ഈപ്പന്റെ സംഭാവനകൾ നിസ്തുലമാണ്.
കെ.എസ്.എഫ്.ഇ ചെയർമാനായി പ്രവർത്തിച്ചിരുന്ന വേളയിലാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിവൈസ്ഡ് ഭദ്രതാ സ്കീമിന് രൂപം കൊടുത്തത്. അദ്ധ്യാപകനായും ഗ്രന്ഥകർത്താവായും സംഘാടകനായുമെല്ലാം തിളങ്ങിയ അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് അപരിഹാര്യ നഷ്ടമാണെന്നും സി.പി.എം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |