തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ജെ.ഡി.എസ് കേരള ഘടകത്തിന് പാർട്ടി ദേശീയ നേതൃത്വം കൈക്കൊള്ളുന്ന ചാഞ്ചാട്ട സമീപനങ്ങൾ വിനയാവുന്നു ഇത് മനസ്സിലായതോടെ, സംസ്ഥാനത്ത് ജെ.ഡി.എസുമായി ലയിക്കാനുള്ള നീക്കത്തിൽ നിന്ന് എൽ.ജെ.ഡി പിൻവലിയുന്നു.
നാളെ കോഴിക്കോട്ട് എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനത്തിൽ ദേശീയ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് നേതാക്കളെയെത്തിച്ച് ഐക്യവിളംബരം നടത്താനാണ് എൽ.ജെ.ഡി നീക്കം. ഇതിലേക്ക് ജനതാദൾ-എസിന്റെ മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും ക്ഷണിച്ചിട്ടുണ്ടെന്ന് മാത്രം.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ ജനതാദൾ-എസിന് ദേശീയ രാഷ്ട്രീയത്തിൽ വിലപേശൽ ശേഷി കുറഞ്ഞു. 18 ശതമാനം വോട്ടും 37 എം.എൽ.എമാരുമുണ്ടായിരുന്ന ജെ.ഡി.എസിന് ഇത്തവണ വോട്ട് ശതമാനം 13 ആയി കുറഞ്ഞു. സീറ്റുകൾ 19 ആയി. ജെ.ഡി.എസ് നേതൃത്വം സ്വീകരിക്കുന്ന ചാഞ്ചാട്ട സമീപനം കാരണം ദേശീയതലത്തിൽ ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ മുൻകൈയെടുത്ത് നടത്തുന്ന പ്രതിപക്ഷ ഐക്യനീക്കങ്ങളിൽ ഇവരെ ഇത്തവണ ക്ഷണിച്ചതുമില്ല. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ 19 പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരണം പ്രഖ്യാപിച്ചപ്പോൾ, ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പ്രഖ്യാപനവും കേരളത്തിലെ
ജെ.ഡി.എസ് നേതൃത്വത്തെ വെട്ടിലാക്കി.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്കൊപ്പം വിവിധ ജനതാദൾ ഗ്രൂപ്പുകളുടെ പൊതുവേദിക്കും ശ്രമമുള്ളതിനാൽ, ആ വേദിയിൽ ചേരാനാണ് കേരളത്തിലെ എൽ.ജെ.ഡിയുടെ ശ്രമം. ജനതാദൾ-യു, രാഷ്ട്രീയ ജനതാദൾ, സമാജ് വാദി പാർട്ടി എന്നിവ ഒരുമിച്ചാൽ ബിഹാർ, യു.പി സംസ്ഥാനങ്ങളിൽ നിർണായക ശക്തിയാകുമെന്നാണ് കണക്കുകൂട്ടൽ. അപ്പോൾ കേരളത്തിലും തങ്ങളുടെ വിലപേശൽ ശേഷി കൂടുമെന്ന് എൽ.ജെ.ഡി നേതൃത്വം കരുതുന്നു. നാളെ കോഴിക്കോട്ട് നടക്കുന്ന റാലിയിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രമുഖരെ അണിനിരത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |