
ആലപ്പുഴ : സി.പി.എം അംഗത്വം ഉപേക്ഷിച്ച ജി.സുധാകരനെ അമ്പലപ്പുഴയിൽ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് പാർട്ടി വിട്ടു. ആലപ്പുഴ പ്രസ് ക്ളബ്ബിൽ പത്രസമ്മേളനത്തിലാണ് ജോബ് ഇക്കാര്യം അറിയിച്ചത്. ജില്ലാ-സംസ്ഥാന നേതൃത്വങ്ങളോട് കൂടിയാലോചനയും ചർച്ചയും നടത്താതെ കെ.സി വേണുഗോപാൽ ഏക പക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് 52വർഷം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതെന്ന് ജോബ് പറഞ്ഞു.
ധീവരസഭാ നേതാവ് ദിനകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കൈനകരിയിൽ വോട്ട് പിടിക്കാനെത്തിയ തന്റെയും ദിനകരന്റെയും ദേഹത്ത് മലം കലക്കി ഒഴിച്ചതുൾപ്പെടെ ക്രൂരമായ പ്രവൃത്തികളാണ് സി.പി.എമ്മിൽ നിന്ന് നേരിടേണ്ടിവന്നത്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ജി.സുധാകരൻ താനുൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നിരന്തരമുണ്ടായ ആക്രമണങ്ങളെ അപലപിക്കാൻ തയ്യാറായില്ല. അമ്പലപ്പുഴയിൽ എസ്.ഡി.പി.ഐ ബന്ധം പരാമർശിക്കുന്ന ജി.സുധാകരൻ ആലപ്പുഴയിലും മണ്ണഞ്ചേരിയിലുമുള്ള എസ്.ഡി.പി.ഐ ബന്ധത്തെപ്പറ്റി മൗനം പാലിക്കുന്നു. ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് ആലോചിച്ചിട്ടില്ലെന്നാണ് ജോബിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |