
തിരുവനന്തപുരം: ചർച്ചകളോ രാഷ്ട്രീയ തർക്കങ്ങളോ ഇല്ലാതെ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥനാർത്ഥിയായി! അദ്ദേഹം പോലും ഇക്കാര്യമറിഞ്ഞില്ല. സമൂഹമാദ്ധ്യമങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ വ്യാജവാർത്തകൾ പ്രചരിച്ചത്.
ജില്ലയിലെ സി.പി.എം സ്ഥാനാർത്ഥികളെ സംബന്ധിച്ച ശുപാർശ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ ശേഷമാണ്, ജില്ലാ കമ്മിറ്റി പോലുമറിയാതെ ജയകുമാറിന്റെ സ്ഥാനാർത്ഥിത്വം വരുന്നത്. പട്ടികയിൽ കെ.ജയകുമാറിന്റെ പേരില്ല. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കുമെന്നാണ് സമൂഹമാദ്ധ്യമ പ്രചാരണം. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണിരാജു ആയിരുന്നു അയോഗ്യനാക്കപ്പെടും വരെ മണ്ഡലത്തിലെ എം.എൽ.എ. ആന്റണിരാജുവിന് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയകുമാറിനെ പരിഗണിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്.
വാർത്ത സത്യവിരുദ്ധമെന്ന് ജയകുമാർ പ്രതികരിച്ചു. 'അത്തരം പ്രലോഭനങ്ങളിലൊന്നും വീഴില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്റെ മകനാണ് സോഷ്യൽ മീഡിയയിൽ വന്ന വാർത്തയുടെ ക്ളിപ്പിംഗ് അയച്ചു തന്നത്. തത്കാലം താൻ ആ വഴിക്ക് ചിന്തിക്കുന്നില്ല". ജയകുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |