
കണ്ണൂർ: അങ്ങേയറ്റം ദൗർഭാഗ്യകരമായ നിലപാടാണ് യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെ എടുക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ദിവ്യ എസ് അയ്യരുടെ അഭിനന്ദന പോസ്റ്റിനെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിൽ അഭിനന്ദിച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് രാഗേഷിന്റെ പ്രതികരണം.
'ഞാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാല് വർഷമാകുന്നു. ഈ നാല് വർഷത്തിനിടെ ഒരു വിഷയത്തിലും ഞാൻ രാഷ്ട്രീയമായ അഭിപ്രായം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന സമയത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായാണ് ഞാൻ ചുമതല നിർവഹിച്ചത്.
സർക്കാരിന്റെ ഭാഗമായുള്ള സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവരോടൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടിവരാറുണ്ട്. അവരുടെ അഭിപ്രായം കേൾക്കേണ്ടിയും പറയേണ്ടിയും വരും. പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് മന്ത്രി ഓഫീസ്- ഉദ്യോഗസ്ഥ വൃന്ദങ്ങളുമായിയുള്ളത്. അതിനാൽ തന്നെ ഓരോരുത്തർക്കും മറ്റുള്ളവരെക്കുറിച്ച് ഓരോ ധാരണയുണ്ടാവും. ആ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആ കാലഘട്ടത്തിലെ എന്റെ പ്രവർത്തനത്തെ സംബന്ധിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് ഇത്രയധികം പ്രകോപിക്കപ്പെട്ടതിൽ ഒരത്ഭുതമായാണ് എനിക്ക് തോന്നുന്നത്.
രാഷ്ട്രീയത്തിലെ ചിലരെങ്കിലും സങ്കുചിതമായി പോകുന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമാണിത്. നല്ല വാക്കുകൾ പറഞ്ഞതിനാണ് അധിക്ഷേത്തിന് വിധേയമാകുന്നത്. നല്ല വാക്കുകൾ പറഞ്ഞാൽ അത് പറഞ്ഞവർക്കെതിരെയാണ് അധിക്ഷേപവും ആക്രമണവും നടക്കുന്നത്. ഒരു സ്ത്രീ ഒരു പോസ്റ്റ് ഇട്ടപ്പോൾ അവർക്കെതിരെ നടത്തുന്ന സൈബർ ആക്രമണം എത്ര അപമാനകരമാണ്? ഏത് കാലഘട്ടത്തിലാണ് പോകുന്നത്? ഉയർന്ന നേതാക്കൾ ഉൾപ്പെടെ ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ സ്വയം ചിന്തിക്കണം'- കെ.കെ. രാഗേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'പിണറായിക്ക് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തിലെ ഒരു മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിന് അത്ര വിലയേ ഞങ്ങൾ കൽപ്പിക്കുന്നുള്ളൂ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും'- എന്നായിരുന്നു ദിവ്യ എസ് അയ്യരുടെ പോസ്റ്റിൽ കെ മുരളീധരന്റെ വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |