ആലപ്പുഴ: അറുപത് വർഷത്തോളം മുൻമന്ത്രി കെ.ആർ. ഗൗരിയമ്മ താമസിച്ചിരുന്ന ആലപ്പുഴ ചാത്തനാട്ടെ കളത്തിൽപ്പറമ്പ് വീട് ഗൗരിയമ്മ സ്മാരക പഠന ഗവേഷണ കേന്ദ്രമാകും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള വാസ്തുവിദ്യാ ഗുരുകുലം വിശദ പദ്ധതി രേഖ
(ഡി.പി.ആർ) തയ്യാറാക്കി. മ്യൂസിയം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളടക്കം സ്മാരകത്തിലുണ്ടാവും. വീടിന്റെ സ്വീകരണമുറി, സിറ്റൗട്ട്, പ്രധാന കിടപ്പുമുറി എന്നിവ അതേപടി നിലനിറുത്തും. പിൻഭാഗത്തെ പഴക്കമേറിയ ഭാഗങ്ങൾ പൊളിച്ച് കൂടുതൽ മുറികൾ പണിയും.
2021 മേയ് 11ന് അന്തരിച്ച ഗൗരിയമ്മയുടെ പേരിൽ സ്മാരകം നിർമ്മിക്കുന്നതിന് അതേവർഷം ഇടക്കാല ബഡ്ജറ്റിൽ സർക്കാർ രണ്ടു കോടി അനുവദിച്ചിരുന്നു. എന്നാൽ, വീട് പഠന ഗവേഷണ കേന്ദ്രമാക്കണോ, ഭിന്നശേഷി കുട്ടികളുടെ പുനരധിവാസ കേന്ദ്രമാക്കണോ എന്നതിൽ ആശയക്കുഴപ്പമുണ്ടായി. കഴിഞ്ഞ ജൂലായിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പഠന ഗവേഷണ കേന്ദ്രമാക്കാൻ തീരുമാനിച്ചത്.
ടി.വിക്കൊപ്പം
താമസിച്ച വീട്
1957 മേയ് 30നായിരുന്നു കെ.ആർ.ഗൗരിയമ്മ- ടി.വി.തോമസ് വിവാഹം. രണ്ടു വർഷത്തിനുശേഷം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് തിരികെ ആലപ്പുഴയിലെത്തിയ ഗൗരിയമ്മ ടി.വിക്കൊപ്പം വാടകവീടുകളിൽ താമസം ആരംഭിച്ചു. ചാത്തനാട് ഒരു വീട് വിൽക്കാനുണ്ടെന്നറിഞ്ഞ് ഗൗരിയമ്മ അത് വാങ്ങുകയായിരുന്നു. 1960 ഡിസംബർ 30ന് താമസം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന കാലത്തും ഇരുവരും ഇതേ വീട്ടിൽ രണ്ട് പാർട്ടിക്കാരായി ഒരുമിച്ച് കഴിഞ്ഞു. ഇരുവരും വേർപിരിഞ്ഞതോടെ വീട്ടിൽ ഗൗരിയമ്മ ഒറ്റയ്ക്കായി. മരണത്തിന് ഒരുമാസം മുമ്പുവരെയും ഇവിടെയായിരുന്നു ഗൗരിയമ്മയുടെ താമസം.
ഡി.പി.ആർ തയ്യാറായി. ഭരണാനുമതിയടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ്
-പി.പി. ചിത്തരഞ്ജൻ എം.എൽ.എ
''നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പഠനഗവേഷണകേന്ദ്രം യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്
- പി.സി.ബീനാകുമാരി,
ഗൗരിയമ്മ ഫൗണ്ടേഷൻ
മാനേജിംഗ് ട്രസ്റ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |