തിരുവനന്തപുരം: നേതൃനിരയിലുള്ളവർ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കെ.പി.സി.സി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംഘടനാ രംഗത്ത് പുതിയ ശൈലിയും പുത്തനുണർവും കൊണ്ടുവരാൻ പഠന ക്യാമ്പുകൾ സഹായകമാകും. താഴെത്തട്ടിലെ നിർജ്ജീവമായ പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളിലൂടെ സാധിക്കും. നാം ഐക്യത്തോടെ നീങ്ങിയാൽ കേരളത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ല. ഭക്ഷ്യകിറ്റ് വിതരണം നിറുത്തലാക്കിയതോടെ ജനങ്ങൾ ദുരിതത്തിലാണ്. പ്രളയക്കെടുതിയിലും രൂക്ഷമായ വില വർദ്ധനവിലും ജനങ്ങൾ നട്ടംതിരിയുന്നു. ഇന്ധനവില കുറയ്ക്കാത്ത സംസ്ഥാനം കേരളം മാത്രമാണ്.
ഇന്ധനവില വർദ്ധനവിനെതിരേ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാർ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി. തുടർ സമരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |