
തിരുവനന്തപുരം: നിയമനത്തിനും പ്രൊമോഷനും യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് നിലവിലെ എല്ലാ അദ്ധ്യാപകർക്കും നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചു. കെ-ടെറ്റിൽ ഇളവുകൾ ആവശ്യപ്പെട്ടാണിത്.
രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാകാത്തവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് വിധി. പുനഃപരിശോധനാ ഹർജി മുഖേന വിധിയിൽ മാറ്റം വന്നില്ലെങ്കിൽ നിരവധി അദ്ധ്യാപകരെ ബാധിക്കും.2010ലെ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ചവർക്ക് യോഗ്യത നേടാൻ അവസാന അവസരം നൽകിയിട്ടുണ്ട്.
ഹർജിയിലെ
വാദങ്ങൾ:
1. നിലവിലെ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഏകദേശം 50,000ത്തോളം അദ്ധ്യാപകരെ ബാധിക്കും.
2. 2012 മാർച്ച് 31ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് കെ-ടെറ്റ് നേടാനുള്ള സാഹചര്യം അന്ന് നിലവിലുണ്ടായിരുന്നില്ല. ഇവരെ വിരമിക്കൽ വരെ തുടരാൻ അനുവദിക്കണം.
3. പി.എച്ച്.ഡി, സെറ്റ്, നെറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കെ-ടെറ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കണം.
4. 2010ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ വിജ്ഞാപനത്തിന് മുമ്പ് നിയമിതരായവർക്ക് പുതിയ നിബന്ധനകൾ ബാധകമാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
കണക്കില്ലാതെ
വിദ്യാഭ്യാസ വകുപ്പ്
കെ-ടെറ്റില്ലാതെ സർവ്വീസിൽ തുടരുന്ന അദ്ധ്യാപകരെ സംബന്ധിച്ച് കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിനില്ല. 60000 ഓളം അദ്ധ്യാപകരെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് പ്രകാരം ,40000 ഓളം അദ്ധ്യാപകരെയും ,ഇന്നലെ വാർത്താക്കുറിപ്പിൽ 50000 ഓളം അദ്ധ്യാപകരെയും വിഷയം ബാധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |