
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ ആക്ഷേപം നടത്തി അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ. രാഹുൽ ഈശ്വർ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്നത്തിൽ ഇടപെടില്ലെന്നാണ് സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് പോലും വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ 100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്നാണ് കലാമണ്ഡലം സത്യഭാമ വിശദമാക്കുന്നത്.
സത്യഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിനെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും, രാഹുലിന്റെ ഭാര്യ ദീപ എന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനി ആയിരുന്നു. ചില കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയായിരിക്കും. താളം, ലയം, അഭിനയം എല്ലാം ഒത്തുവരുമ്പോളാണ് ഏതൊരു ഗുരുവിനും ആ ഒരു ഫീൽ കിട്ടുന്നത്. ദീപ അതുപോലൊരു കുട്ടിയാണ്. ഇന്ന് സോഷ്യൽ മീഡിയ ഓപൺ ചെയ്താൽ രാഹുലാണ് മൊത്തത്തിൽ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ഇടപെടില്ല. രാഹുലിന് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ 100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്ന്.
മുൻപ് നടൻ കലാഭവൻമണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ രൂക്ഷമായ അധിക്ഷേപം നടത്തിയതിന് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസ് എടുത്തിരുന്നു. കറുപ്പ് നിറത്തിന്റെ പേരിലായിരുന്നു രാമകൃഷ്ണനെതിരായ അധിക്ഷേപം. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്ന് ഇവർ ആവർത്തിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |