തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ ജയിൽ മാേചിതനായി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാൻ മണിച്ചൻ കൂട്ടാക്കിയില്ല.
രണ്ട് പതിറ്റാണ്ടിനുശേഷമാണ് മണിച്ചൻ മോചിതനായത്. വിചാരണക്കോടതി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഈടാക്കാതെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മോചനം സാദ്ധ്യമായത്. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതിനാൽ മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ മേയ് 20ന് സുപ്രീം കോടതി നൽകിയ നിർദ്ദേശപ്രകാരം സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനടക്കം 33 പ്രതികളെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരുന്നു.ഗവർണർ ഉത്തരവിറക്കിയെങ്കിലും മണിച്ചൻ പിഴത്തുകയായ 30.45 ലക്ഷം അടയ്ക്കണമെന്ന സർക്കാർ തീരുമാനം കാരണം മോചനം മുടങ്ങി. തുടർന്ന്, പിഴ ഒഴിവാക്കി വിട്ടയയ്ക്കാൻ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിഴയടക്കാൻ കഴിയാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.വ്യാജമദ്യ ദുരന്തം തടയാൻ കഴിയാതെ പോയ സർക്കാരിന് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കൂടെയെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരായുകയും ചെയ്തു.
മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാറിനെയും മണികണ്ഠനെയും പിഴ ഈടാക്കാതെ മോചിപ്പിച്ചിരുന്നു. ഇക്കാര്യം മണിച്ചന്റെ മോചനത്തിനായി ഹർജി നൽകിയ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാൾ ചൂണ്ടിക്കാട്ടി. ഇതും കോടതി പരിഗണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |