SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

കാരണവർ വധക്കേസ്; വിവാദങ്ങൾക്ക് പിന്നാലെ ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

Increase Font Size Decrease Font Size Print Page
sherin

തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേയ്ക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. സ്വാഭാവിക നടപടിയെന്നാണ് പരോളിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു.

മന്ത്രിസഭാ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും സഹതടവുകാരിയെ മർദ്ദിച്ചതിന് ഷെറിൻ വീണ്ടും കേസിൽ പ്രതിയാവുകയും ചെയ്തതോടെ സർക്കാർ തീരുമാനം മരവിപ്പിച്ചിരുന്നു. ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാദ്ധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്.

ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. അന്ന് തന്നെ മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്.

തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചിൽ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഷെറിൻ.

TAGS: SHERIN, KARANAVAR MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY