എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ 31ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, ഫാർമസി കോഴ്സുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷയുള്ളതെങ്കിലും മെഡിക്കൽ, അനുബന്ധ, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിന് വെബ്സൈറ്റിൽ അപേക്ഷിക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
മറ്റു രേഖകൾ ഫെബ്രുവരി 7നു വൈകിട്ട് 5 മണിക്കകം അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റ്ഔട്ടോ മറ്റു രേഖകളോ എൻട്രൻസ് കമ്മിഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല.
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 17 മുതൽ 23 വരെയായിരിക്കും എൻട്രൻസ് പരീക്ഷ. ഫലം മേയ് 10നും റാങ്ക്ലിസ്റ്റുകൾ ജൂൺ 20നകവും പ്രസിദ്ധീകരിക്കും. ബഫർ ദിനങ്ങളായി ഏപ്രിൽ 13, 16, 24, 25 തീയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പരീക്ഷ. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി 2026 പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും. കേരളത്തിന് പുറമെ ന്യൂഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും യു.എ.ഇയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. വിവരങ്ങൾക്ക്- 0471-2332120; ceekinfo.cee@kerala.gov.in, www.cee.kerala.gov.in
അപേക്ഷകന് 2026 ഡിസംബർ 31 പ്രകാരം 17 വയസ് പൂർത്തിയായിരിക്കണം. എൻജിനിയറിംഗ്, ആർക്കിടെക്ചർ, ബി.ഫാം, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷാഫീസ്
എൻജിനിയറിംഗ് അല്ലെങ്കിൽ ഫാർമസി പ്രവേശനത്തിന് മാത്രമായി ജനറൽ വിഭാഗത്തിന് 925 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന ജനറൽ വിഭാഗത്തിന് 650 രൂപയും എസ്.സി വിഭാഗത്തിന് 260 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. യു.എ.ഇ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നവർ അപേക്ഷാഫീസിന് പുറമെ 16,000 രൂപ അധികം അടയ്ക്കണം. എത്ര കോഴ്സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിച്ചശേഷം അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. ഫീസിളവ്, സ്കോളർഷിപ് എന്നിവയ്ക്കായി പട്ടിക, ഒ.ഇ.സി വിഭാഗക്കാരൊഴികെയുള്ളവർ വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അപേക്ഷയിൽ പോരായ്മയുണ്ടെങ്കിൽ ഹോംപേജിൽ വരും. നിർദിഷ്ടസമയത്തിനകം അതു പരിഹരിക്കണം. അപേക്ഷാ സമർപ്പണത്തിൽ സഹായിക്കാൻ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ സംവിധാനമുണ്ട്.
അപേക്ഷ അഞ്ച് ഘട്ടങ്ങളായി
www.cee.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ആവശ്യമാണ്. ഒന്നാംഘട്ടത്തിൽ പേര്, ജനനത്തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രണ്ടാംഘട്ടത്തിൽ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. എൻജിനിയറിംഗ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തിരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/ എസ്.ടി/ ഒ.ഇ.സി/ എസ്.ഇ.ബി.സി വിഭാഗങ്ങൾ), ഇ.ഡബ്ല്യു.എസ് സംവരണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. മൂന്നാംഘട്ടത്തിലാണ് അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കേണ്ടത്. നാലാംഘട്ടത്തിൽ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യണം. അഞ്ചാംഘട്ടത്തിൽ ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയശേഷം അപേക്ഷയുടെ അക്നോളജ്മെന്റ് പേജ് പകർപ്പെടുത്ത് സൂക്ഷിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റും നേറ്റിവിറ്റിയും ജനനത്തീയതിയും തെളിയിക്കുന്ന രേഖകളും ഓൺലൈനായി ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |