തിരുവനന്തപുരം: ഇന്നലെ രാവിലെ മുതൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് ആയിരുന്നു ശ്രദ്ധാകേന്ദ്രം.എ.ഡി.ജി.പി അജിത് കുമാറിന് എതിരെ നടപടി ശുപാർശ ചെയ്യുന്ന ഡി.ജി.പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെ നടപടി എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മാദ്ധ്യമലോകം.
മാദ്ധ്യമ പ്രവർത്തകർ രാവിലെ ഒൻപതിനുതന്നെ ക്ളിഫ് ഹൗസിന് മുന്നിലെത്തി.പതിവിൽ കൂടുതൽ പൊലീസുകാരെ കാവലിന് വിന്യസിച്ചിരുന്നു.
പത്തു മണിയോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് എത്തി. പിന്നാലെ അവിടേക്ക് വന്നത് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമാണ്. പിന്നാലെ ചർച്ചകൾക്ക് തുടക്കമായി. ഡി.ജി.പിയും എത്തുമെന്ന് സൂചന ലഭിച്ചെങ്കിലും വന്നില്ല.മാദ്ധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യം കാരണം സന്ദർശനം ഒഴിവാക്കിയെന്ന സംശയം ബലപ്പെട്ടു.
11 മണിയായപ്പോൾ കെ.കെ രാഗേഷ് മടങ്ങി.പ്രതികരണം നൽകിയില്ല.മാദ്ധ്യമ പ്രവർത്തകർ ഏറെ നേരം കാത്തു നിന്നെങ്കിലും പി.ശശിയും സി.എം രവീന്ദ്രനും പുറത്തേക്ക് വന്നില്ല. ഡി.ജി.പിയും.എ.ഡി.ജി.പിയും പൊലീസ് ആസ്ഥാനത്ത് ആയിരുന്നു.വളരെ വൈകി ഡി.ജി.പി മുഖ്യമന്ത്രിയെകണ്ടു എന്ന് സൂചനയുണ്ട്.
പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ളവർ വീട്ടിലെത്തി മുഖ്യമന്ത്രിയെ കാണുന്നു എന്ന വാർത്ത പ്രചരിച്ചതോടെ, അത് പതിവ് സന്ദർശനം മാത്രമാണെന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് ഉള്ള ദിവസങ്ങളിലെല്ലാം അങ്ങനെ ചെയ്യാറുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി. ഏറെനേരം കാത്തുനിന്നശേഷം മാദ്ധ്യമ പ്രവർത്തകർ മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |