കോഴിക്കോട് : മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി. കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബി.എൻ.ശിവശങ്കർ പറഞ്ഞു.
നേരത്തെ മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ജാമ്യ നടപടികൾ പൂർത്തീകരിക്കാനാണ് കോടതിയിൽ ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയും ജാമ്യം നിന്നു.
കഴിഞ്ഞ ഒക്‌ടോബർ 27ന് കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിൽ ഖേദം പ്രകടിപ്പിച്ചത് നിരാകരിച്ചാണ് മാദ്ധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |