പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ പി.സരിൻ പാലക്കാട്ട് എൽ.ഡി.എഫ് സ്വതന്ത്രനാകുമെന്ന് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ സി.പി.എം ജില്ലാ നേതൃത്വം സജീവമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി.സരിൻ സി.പി.എം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് മത്സരിക്കാൻ സമ്മതിച്ചെന്നുമാണ് വിവരം.
ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ടോടെ സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം യോഗം ചേർന്നിരുന്നു. എന്നാൽ സരിന്റെ സ്ഥാനാർത്ഥിത്വം സി.പി.എം നിഷേധിച്ചു. സരിൻ ഇടത് സ്ഥാനാർത്ഥിയായാൽ ഗുണം ചെയ്യുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിലെ കലഹം പുറത്തുവന്ന അനുകൂല സാഹചര്യം മുതലാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. സംസ്ഥാന നേതൃത്വവുമായി സി.പിഎം ജില്ലാനേതാക്കൾ പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ കോൺഗ്രസിലെ പിന്തുടർച്ചാവകശ രീതികൾ ചർച്ചയാക്കാനാണ് ഇടതു ക്യാമ്പ് ആലോചിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകുന്നതിനോട് പാലക്കാട്ടെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളും സമാന പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നു.
തീരുമാനിക്കേണ്ടത് സരിൻ
തുടർ നടപടികൾ തീരുമാനിക്കേണ്ടത് സരിനാണെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതിന് ശേഷം സി.പി.എമ്മിലേക്ക് സ്വീകരിക്കണോ എന്ന് തീരുമാനിക്കും. നിലവിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർത്ഥി പട്ടിക കൈമാറിയിട്ടുണ്ട്. സംഘടനാ നടപടി ക്രമങ്ങൾക്കൊടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യപിക്കുമെന്നും നേതൃത്വം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്ത് അംഗം സഫ്ദർ ഷെരീഫ് എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |