പാലക്കാട്: ഇടതു -വലതു മുന്നണി സ്ഥാനാർത്ഥികൾ പ്രചരണത്തിലേക്ക് കടന്നതോടെ പാലക്കാട്ട് '' ഡീൽ '' വിവാദത്തിന് ശേഷം ക്രോസ് വോട്ടുകളെ കുറിച്ചുള്ള ചർച്ചയും ചൂട് പിടിക്കുന്നു..
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന് ഡോ.പി.സരിൻ പറഞ്ഞതാണ് ചർച്ചയ്ക്ക് വഴി വച്ചത്. ഷാഫിയെ നിഷേധിക്കാൻ ഇടതുപക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെങ്കിൽ ബി.ജെ.പി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കും. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി.പി.പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ സി.പി.പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞെന്നും സരിൻ പറഞ്ഞു. സി.പി.പ്രമോദിനെ ഒപ്പം നിറുത്തിയായിരുന്നു സരിന്റെ പ്രതികരണം.
ഇടത് സ്ഥാനാർത്ഥിയുടെ പ്രതികരണം സി.പി.എം -കോൺഗ്രസ് ഡീലിന്റെ തെളിവാണെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പ്രതികരിച്ചു. വോട്ട് കച്ചവടം നടത്തിയതിന്റെ തെളിവാണിത്. മുൻ സ്ഥാനാർത്ഥി സി.പി.പ്രമോദിനെ സി.പി.എം രക്തസാക്ഷിയാക്കി. സ്വന്തം അണികളെ ഉപയോഗിച്ച് വോട്ട് മറച്ചുവെന്നതാണ് തുറന്നു പറയുന്നത്. ഡോ.പി.സരിൻ അന്ന് കോൺഗ്രസ് നേതാവായതിനാൽ കച്ചവടത്തെക്കുറിച്ച് വ്യക്തമായി അറിയാം. സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടത്തിന് മുതിർന്നാൽ ഇരു പാർട്ടി വോട്ടും ബിജെപിക്ക് കിട്ടുമെന്നും കൃഷ്ണകുമാർ പ്രതീക്ഷ പറഞ്ഞു.. അതേസമയം, താൻ ജയിച്ചതാണോ , ബി.ജെ.പി ജയിക്കാതിരുന്നതാണോ സി.പി.എമ്മിന്റെ പ്രശ്നമെന്ന് ഷാഫിയും തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |