തിരുവനന്തപുരം: സർവകലാശാല ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് നിയമനങ്ങൾക്കുള്ള സാദ്ധ്യതാ ലിസ്‌റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾക്ക് വിമുഖത. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് തസ്‌തികയിൽ ആയിരത്തിലേറെ ഒഴിവുണ്ട്. ഇതിൽ 300ൽ താഴെ ഒഴിവുകളെ ഉള്ളൂ. ഏറ്റവും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്ന കേരള സർവകലാശാലയടക്കം ഇക്കാര്യത്തിൽ അലസത കാട്ടുന്നതായാണ് ആക്ഷേപം.
ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്ക് 2022ലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടപടികൾ പൂർത്തീകരിച്ചത്. പി.എസ്.സി പ്രസിദ്ധീകരിച്ച സാദ്ധ്യതാപട്ടികയുടെ മുഖ്യലിസ്റ്റിൽ 1,099 പേരെയാണ് ഉൾപ്പെടുത്തിയത്. ഈ ലിസ്റ്റിൽ ഒന്നോ രണ്ടോ മാസത്തിനകം സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് നിയമനനടപടികൾ ആരംഭിക്കുക. എന്നാൽ,അടുത്ത മൂന്നുവർഷം സംസ്ഥാനത്തെ 13 സർവകലാശാലകളിലുണ്ടാകാനിടയുള്ള ഒഴിവുകൾ നികത്താൻ ഈ പട്ടിക മതിയാകില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
വിമുഖത കാട്ടി
യൂണിവേഴ്സിറ്റികൾ
സർവകലാശാലകളിലെ ലാസ്‌റ്റ് ഗ്രേഡ് തസ്തികയിൽ പി.എസ്.സി വഴി നിയമനം നടത്തുന്നത് ആദ്യമായാണ്. കേരള,കുസാറ്റ്,സാങ്കേതിക, നിയമം,മലയാളം സർവകലാശാലകളാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നത്. കേരള സർവകലാശാലയിൽ മാത്രം അഞ്ഞൂറോളം ഒഴിവുകളുണ്ട്. ആദ്യമായി നിയമനം നടക്കുന്നതിനാൽ മറ്റു സർവകലാശാലകളിലും ഒട്ടേറെ ഒഴിവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |