കോട്ടയം: കുമരകം കായൽക്കരയിലിപ്പോൾ കല്യാണ മേളങ്ങളുടെ തിരക്കാണ്. സർക്കാരിന്റേതുൾപ്പെടെയുള്ള റിസോർട്ടുകളിൽ മാസം ശരാശരി 15 ലെറെ കല്യാണങ്ങളാണ് നടക്കുന്നത്. പ്രവാസികളും ഉത്തരേന്ത്യക്കാരും വിദേശപൗരൻമാരുമെല്ലാം കായൽക്കാറ്റേറ്റ് കല്യാണം കളറാക്കാൻ ഇവിടേക്കൊഴുകുന്നു. കായൽ കല്യാണത്തിലെ ടൂറിസം സാദ്ധ്യത റിസോർട്ടുകൾക്കും പ്രയോജനപ്പെടുത്തുന്നു. ഇതോടെ കുമരകം ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ പറുദീസയുമായി.
തിരുവനന്തപുരം ശംഖുംമുഖത്ത് സംസ്ഥാന സർക്കാർ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടും കുമരകത്തോടാണ് പ്രിയം. ഹൽദി, സംഗീത് എന്നിവയ്ക്കു ശേഷമാണ് തുറന്നസ്ഥലത്തെ കല്യാണം. ആശീർവദിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.
റിസോർട്ടിലും ഹോട്ടലിലും കല്യാണം ആർഭാടമാക്കുന്നതാണ് ട്രെൻഡ്. പ്രീ, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകളും റീലുകളുമായി ആഘോഷം. ഇതിനായി ഉത്തരേന്ത്യക്കാർ ലക്ഷങ്ങളാണ് പൊടിക്കുന്നത്. ഒന്നിലേറെ ദിവസങ്ങളുടേതാണ് പാക്കേജ്. വരനും വധുവും കുടുംബമായി നേരത്തെയെത്തും. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും.
പാക്കേജുകൾ റെഡി
കൊവിഡാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വഴിയൊരുക്കിയത്. വിവാഹത്തിനായി റിസോർട്ട് മുഴുവൻ ബുക്ക് ചെയ്യുന്നവരുമുണ്ട്. അതിനനുസരിച്ച് പാക്കേജുകളും ലഭിക്കും. കെ.ടി.ഡി.സിയുടെ കുമരകം വാട്ടർസ്കേപ്പ് റിസോർട്ടിലും ബഡ്ജറ്റ് നിരക്കിൽ തണ്ണീർമുക്കത്തെ കുമരകം ഗേറ്റ് റിസോർട്ടിലും ബുക്കിംഗ് തുടരുകയാണ്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ വർദ്ധനവ്-20%
സ്റ്റാർ പദവിയുള്ള റിസോർട്ടുകൾ-26
വർദ്ധനവിന് കാരണം
വിദേശ കുടിയേറ്റം വർദ്ധിച്ചു, നാടുമായുള്ള ബന്ധം കുറഞ്ഞു
ഉത്തരേന്ത്യക്കാർക്കും വിദേശികൾക്കും കുമരകത്തോടുള്ള പ്രിയം
ഭക്ഷണം, കായൽക്കാഴ്ച, പ്രൊഫഷണലുകളുടെ സേവനം
'ഡെസ്റ്റിനേഷൻ വെഡ്ഡിംഗിലൂടെ വിശാല സാദ്ധ്യതയാണ് തുറക്കുന്നത്. വരും മാസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു".
- ഗോപു ചന്ദ്രൻ, ജനറൽ മാനേജർ, കെ.ടി.ഡി.സി കുമരകം ഗേറ്റ് വേ റിസോർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |