ഐ.എ.എസുകാരെ കമ്മിഷനാക്കാൻ പ്രധാനമന്ത്രിയുടെ അനുമതി വേണം
തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ. സിവിൽസർവീസ് ചട്ടഭേദഗതി പ്രകാരം,സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കമ്മിഷൻ,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം.
ഇതിനായി സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ ശുപാർശ അയയ്ക്കാം. കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പഴ്സണൽ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയൽ പഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ല.
നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അശോക് കേന്ദ്ര അഡ്‌മിനിസ്ട്രേറ്രീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കും. സിവിൽ സർവീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങൾക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്. ചട്ടവിരുദ്ധത മനസിലാക്കിയതിനാൽ കമ്മിഷൻ രൂപീകരിച്ച് ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. കേന്ദ്രാനുമതി തേടാതെയാണ് നിയമനമെന്ന് മുതിർന്ന ഐ.എ.എസുകാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
കമ്മിഷന് ചുമതല
ശുപാർശ മാത്രം
1)നിലവിലെ തദ്ദേശനിയമങ്ങൾ വികസനം,പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് ശുപാർശ നൽകണം.
2)ഓഫീസിലെത്താതെ പരമാവധി സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശുപാർശകൾ നൽകണം.
3)മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും പരിശോധിച്ച് ഗുണകരമായ കാര്യങ്ങൾ ശുപാർശ ചെയ്യാം
4)മൊബൈൽആപ്പുകൾ,ഇ-ഓഫീസ്,ഡിജിറ്റലൈസേഷൻ എന്നിവയിൽ നിലവിലെ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശ
5)പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ടുലഭ്യത കൂടി മുന്നിൽക്കണ്ടുള്ള ശുപാർശകൾ നൽകാം. അന്താരാഷ്ട്ര മാതൃകകളും നിർദ്ദേശിക്കാം.
6)തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനസൗഹൃദമാക്കാനും വിഭവങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ശുപാർശകൾ നൽകണം.
(മന്ത്രിസഭായോഗം പരിഗണിച്ച കുറിപ്പിൽ പറയുന്നത്)
കാലാവധി ഒരുവർഷം
കമ്മിഷന്റെ കാലാവധി ഒരുവർഷമാണ്. തദ്ദേശ ഉദ്യോഗസ്ഥരെ കമ്മിഷനിലേക്ക് പുനർവിന്യസിക്കും.
ചെലവ് ധനവകുപ്പ് വഹിക്കണം. വാഹനവും ഡ്രൈവറും ടൂറിസംവകുപ്പ് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |