കൊച്ചി: റോഡ് കൈയേറി സ്റ്റേജ് കെട്ടി ഗതാഗത തടസമുണ്ടാക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ തടയാൻ സ്ഥിരം സംവിധാനമുണ്ടാവണമെന്ന് ഹൈക്കോടതി. ഓരോ പരിപാടിക്കുശേഷവും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കൈയേറി സ്റ്റേജ് കെട്ടി യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയ ജ്വാല വനിതാജംഗ്ഷൻ പരിപാടിക്കെതിരെ അഭിഭാഷകൻ കുളത്തൂർ ജയ്‌സിംഗ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിൽ പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെയും ഇതുവരെയുള്ള നടപടികളുടെയും വിശദാംശം നൽകാൻ കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായിരുന്ന കിരൺ നാരായണൻ ബാലരാമപുരത്തെ വിഴിഞ്ഞം റോഡിൽ ഈ മാസം മൂന്നിന് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ബാലരാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആർ. ഗോപൻ ബോധിപ്പിച്ചു. ഒരു പരിപാടിക്ക് പൊലീസ് മൈക്ക് പെർമിഷൻ നൽകിയതിന്റെ പേരിൽ നിയമലംഘനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ക്രമീകരണങ്ങളുടെ വിശദാംശം തേടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |