ആലപ്പുഴ: രാജ്യത്തെ പ്രതിരോധ മേഖലയിൽ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ നിർമ്മാണപങ്കാളിയായ കെൽട്രോണിന്റെ അത്യാധുനിക 'ടോഡ് അറെ മാനുഫാക്ചറിംഗ് ഷോപ്പ് ' ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കപ്പലുകളെ തകർക്കുന്ന ബോംബ് കണ്ടെത്തി നിർവീര്യമാക്കാനും അന്തർവാഹിനി ആക്രമണങ്ങളിൽ അകപ്പെടാതെ യുദ്ധക്കപ്പലുകളെ വഴിതിരിച്ചുവിടാനും സഹായിക്കുന്ന 'മാരീച് ടോഡ് അറെ' നിർമ്മാണം കെൽട്രോണിന്റെ കുത്തകയാണ്. ആ യൂണിറ്റിനെ വിപുലീകരിച്ചും വയറിംഗ് ടേബിളുകളുടെ എണ്ണം കൂട്ടിയും കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിലാക്കിയുമാണ് പുതിയ മാനുഫാക്ചറിംഗ് ഷോപ്പ്.
2008ലാണ് അരൂരിൽ ടോഡ് അറെ മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിച്ചത്. മാനവശേഷി കൂടി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ ഓർഡറുകൾ നേടാൻ കഴിയും. പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആർ.ഡി.ഒ, എൻ.പി.ഒ.എൽ എന്നിവയുടെ സാങ്കേതിക പങ്കാളികൂടിയാണ് കെൽട്രോൺ.
രണ്ടുവർഷത്തിനിടെ
200കോടിയുടെ ഓർഡർ
ഇന്ത്യൻ, വിയറ്റ്നാം നാവിക സേനകൾക്കായി പ്രതിരോധ സംവിധാനങ്ങൾ നിർമ്മിച്ചുനൽകുന്നതുൾപ്പെടെ രണ്ടുവർഷത്തിനകം 200 കോടിയുടെ ഓർഡറുകളാണ് കെൽട്രോണിന് ലഭിച്ചത്. ഇതിൽ 102. 04 കോടിയുടെ ഉപകരണങ്ങൾ ഇന്ത്യൻ നാവിക സേനയ്ക്കുള്ളതാണ്. യുദ്ധക്കപ്പലുകളിലേക്ക് മാരീച് ടോഡ് അറേ നിർമ്മിക്കുന്ന ഓർഡറിന്റെ പത്തുശതമാനത്തോളം ജോലികൾ ഇതിനകം പൂർത്തിയായി. 2013ലും കെൽട്രോൺ മാരീച് നിർമ്മിച്ച് സേനയ്ക്ക് കൈമാറിയിരുന്നു.
വിയറ്റ്നാമിൽ നിന്ന്
4.1 കോടിയുടെ കരാർ
കടലിനടിയിലെ കുറഞ്ഞ ഫ്രീക്വൻസിയുള്ള ശബ്ദതരംഗങ്ങളെ ശേഖരിക്കുന്നതിനായി വിയറ്റ്നാംനാവിക സേനയ്ക്ക് 336 ലോ ഫ്രീക്വൻസി അൾട്രാസോണിക് ട്രാൻസ് ഡ്യൂസർ സെൻസറുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാനുള്ള 4.1 കോടിയുടെ കരാറും കെൽട്രോൺ ഒപ്പിട്ടു. മുംബയിൽ പ്രവർത്തിക്കുന്ന നിയോ പവർ ഇലക്ട്രോണിക്സ് ആൻഡ് പ്രോജക്ടുമായി ചേർന്നാണ് പദ്ധതി. ഒമ്പതുമാസത്തിനകം സെൻസറുകൾ കൈമാറും.
'രണ്ട് വർഷമായി 20 കോടി വീതമാണ് അരൂരിലെ കെൽട്രോൺ യൂണിറ്റിന്റെ ലാഭവിഹിതം.
- കെൽട്രോൺ, അരൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |