തിരുവനന്തപുരം: തീർത്തും നയചാതുര്യത്തോടെയെന്നു തോന്നാവുന്ന ഉടച്ചുവാർക്കൽ. കെ.പി.സി.സി അദ്ധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് കാട്ടിയ വഴക്കം രാഷ്ട്രീയ നിരീക്ഷകരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി. വലിയ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ചെന്നുപെടുമെന്ന ആശങ്കകൾക്കിടിയിലാണ്,വലിയ മുറുമുറുപ്പിനു ഇടം നൽകാതെ നേതാക്കൾക്കും അണികൾക്കും പൊതുവെ സ്വീകാര്യമാവും വിധമുള്ള തീരുമാനം വന്നത്.
എല്ലാ വിധത്തിലുള്ള പ്രാതിനിധ്യവും ഉറപ്പാക്കിയെന്നതിലാണ് കൗശലം. സാമുദായികമായും അനുഭവ സമ്പത്തിന്റെ പേരിലും ദേശപരമായ പ്രാതിനിധ്യത്തിലും പരാതിക്കും ഇട നൽകിയിട്ടില്ല.. മാത്രമല്ല സംഘടനാപരമായ ഉത്തരവാദിത്വത്തിൽ തലമുറമാറ്റത്തിനും കളമൊരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ കെ.സുധാകരൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രതികരണം,വലിയൊരു പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. എന്നാൽ അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത്, മാന്യമായ ഒരു പദവി നൽകിയാണ് അദ്ധ്യക്ഷ പദവിയിൽ നിന്ന് യാത്രയാക്കുന്നത്. ഒപ്പം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരാളെ പിൻഗാമിയാക്കി കൊണ്ടുവരുകയും ചെയ്തതോടെ മഞ്ഞുരുക്കം വേഗത്തിലായി.
കേരളത്തിൽ ഏറ്റവും വലിയ ജനപിന്തുണയുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് അടൂർപ്രകാശ്. നയപരമായി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഘടകകക്ഷികളുമായും മറ്റും എപ്പോഴും സമരസപ്പെട്ടു പോകേണ്ട പദവിയാണ് യു.ഡി.എഫ് കൺവീനർ സ്ഥാനം. അടൂർ പ്രകാശിന്റെ സൗമ്യതയും നിലപാടുകളിലെ ദൃഢതയുമാണ് നേതൃത്വം പരിഗണിച്ചതെന്നു കരുതാം. പി.സി വിഷ്ണുനാഥ്,എ.പി അനിൽകുമാർ,ഷാഫി പറമ്പിൽ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരാക്കിയതിലൂടെ പുതുതലമുറയ്ക്കും അനുഭവ സമ്പത്തിനും തുല്യ പ്രാതിനിധ്യം നൽകാനായി. സാധാരണ കോൺഗ്രസിൽ സ്ഥാനമാനങ്ങൾ പ്രഖ്യാപിച്ച് കഴിയുമ്പോൾ ഉണ്ടാവാറുള്ള മുഖം വീർപ്പിക്കലോ മുറുമുറുപ്പോ പൊട്ടിത്തെറിയോ ഉണ്ടായില്ലെന്നത് ഹൈക്കമാൻഡിന് ആശ്വാസമായി.ഒമ്പതു വർഷമായി കേരളത്തിലെ ഭരണവൃത്തത്തിന് പുറത്ത് നിൽക്കേണ്ടി വരുന്ന കോൺഗ്രസിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ കടുത്ത പരീക്ഷണത്തിന്റേതാണ്. തദ്ദേശ തിരഞ്ഞെടുപ്പ്,തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ട് യുദ്ധവും ജയിച്ചേ തീരൂ. അതിന് കെട്ടുറപ്പ് വേണം,കൂട്ടായ പ്രവർത്തനം വേണം. ഈ തിരിച്ചറിവിൽ ഉടലെടുത്തതാണ് പുതിയ മാറ്റങ്ങൾ .എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ പ്രബല സമുദായത്തിനു നൽകി വന്ന പ്രസിഡന്റ് സ്ഥാനം ഒഴിവാക്കുമ്പോൾ മറുപടി പറയാൻ സംസ്ഥാന നേതൃത്വത്തിനു ഏറെ പണിപ്പെടേണ്ടി വരുമെന്നതിലും സംശയമില്ല.ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കം ഈഴവ വോട്ടുകൾ പാടെ നഷ്ടപ്പെടാൻ ഇടയാക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകുകയും എളുപ്പമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |