തൃശൂർ : സി.പി.എം പ്രവർത്തകനായ വടക്കാഞ്ചേരി കുമ്പളങ്ങാട് ചാലയ്ക്കൽ വീട്ടിൽ തോമസിന്റെ മകൻ ബിജുവിനെ (31) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ട് ബി.ജെ.പി പ്രവർത്തകർക്ക്
ജീവപരന്ത്യം തടവും പിഴയും വിധിച്ചു. ഓരോരുത്തരും 1.44 ലക്ഷം രൂപവീതം പിഴയടയ്ക്കണം.
കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ (51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പിൽ സുനീഷ് (34), കരിമ്പനവളപ്പിൽ സനീഷ് (37) എന്നിവരെയാണ് ശിക്ഷിച്ചത്. തൃശൂർ മൂന്നാം അഡിഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് കെ.എം.രതീഷ് കുമാറാണ് വിധി പറഞ്ഞത്. കേസിൽ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടയിൽ ആറാം പ്രതി രവി എന്നയാൾ മരിച്ചു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് പന്തലങ്ങാട്ട് രാജന്റെ മകൻ ജിനീഷിന് (39) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നാം സാക്ഷിയായ ഇയാൾക്ക് പിഴത്തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ നൽകണം. മരിച്ച ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണം. പിഴയടയ്ക്കാത്ത പക്ഷം പ്രതികൾ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം.
2010 മേയ് 16ന് വൈകിട്ട് 5ന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് മറ്റ് പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ബിജുവിനെയും ജിനീഷിനെയും അക്രമിക്കുകയായിരുന്നു. വടക്കാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ടി.എസ്.സിനോജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി.ബാബു, അഡ്വ.ശരത് ബാബു കോട്ടയ്ക്കൽ, അഡ്വ.പി.വി.രേഷ്മ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |