കണ്ണൂർ: ബെർലിനിലെ ഹംബോൾട്ട് സർവകലാശാല കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയുടെ 2026- 27ലെ ഇൻഹെറിറ്റ് ഫെലോ ആയി മലയാളിവനിതയ്ക്ക് അവസരം. കണ്ണൂർ സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മാളവിക ബിന്നിക്കാണ് ഒരു കോടി രൂപ ലഭിക്കുന്ന സൗഭാഗ്യം ലഭിച്ചത്. ലോകത്തെ 10 ഗവേഷകരിൽ ഒരാളായാണ് പരിഗണന. ചരിത്രത്തെ പുതിയ വെളിച്ചത്തിൽ വായിക്കുന്നതിനുള്ള അംഗീകാരമാണ് മാളവികയ്ക്ക് ലഭിച്ചത്.
ജാതിയും ഭൗതികവസ്തുക്കളും പൈതൃകവുമായുള്ള ബന്ധത്തെ മുൻനിറുത്തിയാണ് ഗവേഷണം. 'ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ്" എന്നതാണ് വിഷയം.
സ്ത്രീകളെ പ്രതിനിധീകരിക്കുന്ന അനവധി വസ്തുക്കൾ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അവയെ ചരിത്രസന്ദർഭത്തിൽ തിരിച്ചുവായിക്കുക എന്നതാണ് തന്റെ ഗവേഷണത്തിന്റെ ലക്ഷ്യമെന്നും മാളവിക പറഞ്ഞു.
32 രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള മാളവിക സ്ത്രീകളുടെ ചരിത്രയാത്രകളെ ആസ്പദമാക്കിയ നോവൽ എഴുതുന്ന തിരക്കിലാണ്. തൃപ്പൂണിത്തുറ സ്വദേശിയായ മാളവിക കണ്ണൂരിലെ മൊറാഴയിലാണ് താമസം. അച്ഛൻ ബിന്നി വിശ്വംഭരൻ. അമ്മ വി. ഗീത. സഹോദരി ഉത്തര സ്‌പെയിനിൽ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്തുന്നു. ഭർത്താവ് ടിനു ജോസഫ് മന്നാനം കെ.ഇ. കോളേജിലെ ചരിത്രവിഭാഗം അദ്ധ്യാപകനാണ്.
അക്കാഡമിക് നേട്ടങ്ങൾ:
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി.
ഇറാസ്മസ് മുണ്ടസ് വിസിറ്റിംഗ് സ്‌കോളർഷിപ്പ് (നെതർലൻഡ്)
ഇളംകുളം കുഞ്ഞൻ പിള്ള യംഗ് ഹിസ്റ്റോറിയൻ അവാർഡ് (2017)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |