SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 AM IST

സതീശന്റെ നിയമനം ഗ്രൂപ്പ് മഹാമാരിക്കുള്ള ശസ്‌ത്രക്രിയ

kerala-congress

തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പൂർണമായും അവിശ്വാസം രേഖപ്പെടുത്തി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയ ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസിന് നൽകുന്നത് വ്യക്തമായ സന്ദേശം.

ഗ്രൂപ്പ്, വ്യക്തി താല്പര്യങ്ങൾക്കപ്പുറം പാർട്ടിക്കായി നിലകൊള്ളുന്നവർക്ക് അവസരമുണ്ടാകുമെന്ന ഹൈക്കമാൻഡിന്റെ ഉറച്ച പ്രഖ്യാപനമാണിത്. മുൻപ് ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് വി.എം. സുധീരനെയും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെയും കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ അവരോധിച്ചതിന്റെ ഒരു ആവർത്തനമാണിത്. വി.എം. സുധീരൻ ഇടയ്‌ക്ക് പിന്മാറിയത് ക്ഷീണമായി. മുല്ലപ്പള്ളിക്ക് ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പരിമിതികളുമുണ്ടായി.

സതീശന് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷപദവിയിലും യു.ഡി.എഫ് കൺവീനർ പദവിയിലും മാറ്റങ്ങൾ വരുമ്പോൾ കോൺഗ്രസിന് പുത്തനുണർവ്വുണ്ടാകുമെന്നാണ് വിലയിരുത്തൽ.

1967ൽ ഒമ്പത് സീറ്റിലൊതുങ്ങിയ കോൺഗ്രസിനെ തിരിച്ചെത്തിക്കാൻ നടത്തിയത് പോലുള്ള ശസ്ത്രക്രിയയാണ് സതീശന്റെ നിയമനമെന്ന് വലിയൊരു വിഭാഗം കരുതുന്നു. മാറ്റം ഗ്രൂപ്പ് സമവാക്യങ്ങളെ അപ്രസക്തമാക്കുമെന്നാണ് വിലയിരുത്തൽ.

വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാൻഡിന് തുണയായത് ഗ്രൂപ്പിനതീതമായ പ്രവർത്തകരുടെ വികാരമാണെന്നാണ് അനുമാനം. തലമുറമാറ്റം ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. കെ.പി.സി.സി പുനഃസംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലുമടക്കം ഉണ്ടായ ഗ്രൂപ്പ് സ്വാധീനങ്ങൾ ഹൈക്കമാൻഡിൽ അനിഷ്‌ടമുണ്ടാക്കിയിരുന്നു. എന്നാലും പരമാവധി പുതുമുഖങ്ങളെ അവതരിപ്പിച്ച സ്ഥാനാർത്ഥി പട്ടികയ്ക്കാണ് ഒരുവിധം രൂപം നൽകിയത്. അതിലും സമുദായ സമവാക്യങ്ങളെക്കുറിച്ചടക്കം ആക്ഷേപമുയർന്നു.

2004ൽ എ.കെ. ആന്റണി രാജിവച്ച് ഉമ്മൻ ചാണ്ടി നിയമസഭാകക്ഷി നേതാവായപ്പോഴാണ് പാർട്ടിയിൽ കത്തിനിന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായത്. അന്നുതൊട്ട് എ, ഐ ഗ്രൂപ്പുകളുടെ നിയന്ത്രണം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായി. ഇന്നലെ വരെയും പാർട്ടിയിൽ ഇവരുടെ അഭിപ്രായങ്ങൾക്കായിരുന്നു പ്രാധാന്യമെങ്കിൽ ഇനി അത് വഴിമാറുകയാണ്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭാവിയും ഏവരും ഉറ്റുനോക്കുന്നു.

 ചെന്നിത്തല ഡൽഹിയിലേക്ക് ?

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന സുപ്രധാന പദവിയിൽ ഇപ്പോൾ കെ.സി. വേണുഗോപാലാണ്. എ. ഐ. സി. സിയിൽ മറ്റൊരു സുപ്രധാന പദവി ചെന്നിത്തലയ്ക്ക് കിട്ടുമോയെന്നതാണ് ചോദ്യം. ഉമ്മൻ ചാണ്ടി പ്രവർത്തകസമിതിയിലുണ്ട്.

 നഷ്ടപ്പെട്ട അവസരത്തിന് പകരം

2011ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോട്ടറി കേസിലടക്കം ശക്തമായ പോർമുഖം തുറന്നിട്ടും, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഐ ഗ്രൂപ്പ് ക്വോട്ടയിൽ പ്രാതിനിദ്ധ്യം കിട്ടാതെ പോയ നേതാവാണ് വി.ഡി. സതീശൻ. നിയമസഭയിലും പുറത്തുമുള്ള പോരാട്ട പരിവേഷത്തിലാണ് അദ്ദേഹം പ്രതിപക്ഷനേതാവാകുന്നത്. സഭയിലും യുവതലമുറയ്ക്കടക്കം പ്രിയങ്കരനാണ് സതീശൻ.

വെല്ലുവിളികൾ:

1. ന്യൂനപക്ഷമേഖലയിലടക്കം കോൺഗ്രസിന്റെ നഷ്ടപ്പെട്ട വോട്ട് അടിത്തറ തിരിച്ചെത്തിക്കുക.

2. പാർട്ടിയുടെയും മുന്നണിയുടെയും തളർന്ന സംഘടനാസംവിധാനത്തിന് വീര്യമേകുക.

3. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ വിജയിപ്പിക്കുക.

4. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.