കേരളകൗമുദി വാർത്തയിൽ അടിയന്തര നടപടി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും തോന്നിയപോലെ ജോലിക്കെത്തുന്നത് തടയാൻ ആധാർ അധിഷ്‌ഠിത ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തും. ശമ്പളവിതരണ സോഫ്‌റ്റ്‌വെയറായ യൂണി സ്പാർക്കുമായി ബന്ധിപ്പിക്കും. സമയത്ത് എത്തിയില്ലെങ്കിൽ ശമ്പളം കുറയും. ഒരു മാസത്തിനകം നിലവിൽവരും. സർവകലാശാലയിൽ ജോലിസമയം തോന്നുംപടിയാണെന്ന് 'കേരളകൗമുദി' ഇന്നലെ വാർത്ത നൽകിയിരുന്നു. തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
ടെൻഡർ ഒഴിവാക്കി കെൽട്രോണിന് കരാർ നൽകാൻ സർവകലാശാലയ്ക്ക് സർക്കാർ നിർദ്ദേശം നൽകി.
പാളയത്തെ ആസ്ഥാനത്തും കാര്യവട്ടം ക്യാമ്പസിലുമായി 18 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിക്കാൻ
32 ലക്ഷംരൂപ അനുവദിക്കും. പഴയ പഞ്ചിംഗ് മെഷീനുകൾ കെൽട്രോൺ തിരിച്ചെടുക്കും. വൈസ്ചാൻസലർക്കും രജിസ്ട്രാർക്കും പഞ്ചിംഗ് നിരീക്ഷിക്കാൻ സംവിധാനമുണ്ടാവും.
മുമ്പ് സർവകലാശാല ആസ്ഥാനത്ത് പഞ്ചിംഗ് ഏർപ്പെടുത്തിയിരുന്നെങ്കിലും കൃത്യമായി പാലിച്ചിരുന്നില്ല. ആ പഞ്ചിംഗ് മെഷീൻ തകർത്ത സ്റ്റോർകീപ്പറുടെ രണ്ട് ശമ്പളവർദ്ധന ഡോ.പി.കെ.രാധാകൃഷ്ണൻ വി.സിയായിരിക്കെ റദ്ദാക്കിയിരുന്നു. എൻക്വയറി വിഭാഗത്തിനടുത്തുണ്ടായിരുന്ന മെഷീനാണ് ഹെൽമെറ്റ് ധരിച്ചെത്തി തകർത്തത്. ഇടത് സംഘടനാ പ്രവർത്തകനായിരുന്ന ഇയാളുടെ ശിക്ഷ പിന്നീട് ഇളവു ചെയ്തു.
മുങ്ങിയാൽ ശമ്പളം പോവും
രാവിലെയും വൈകിട്ടും നിശ്ചിത സമയഇളവ് ഓരോ മാസവും അനുവദിക്കും. അതിന്റെ പരിധി കഴിഞ്ഞാൽ അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കും
കാര്യവട്ടത്തെ ജീവനക്കാർ സർവകലാശാലാ ആസ്ഥാനത്ത് ഔദ്യോഗിക ആവശ്യത്തിന് എത്തുമ്പോൾ അവിടെ പഞ്ച് ചെയ്യാം
അധികസമയം ജോലിചെയ്യുന്നവർക്ക് കെ.എസ്.ആർ പ്രകാരമുള്ള അവധികളടക്കം ആനുകൂല്യം
305
അദ്ധ്യാപകർ
2,262
അനദ്ധ്യാപക ജീവനക്കാർ
(താത്കാലികക്കാരടക്കം)
''കെൽട്രോണുമായി ധാരണയിലെത്തി. ഇന്റഗ്രേറ്റഡ് പഞ്ചിംഗ് സംവിധാനം വേഗത്തിൽ സജ്ജമാക്കും
-ഡോ.കെ.എസ്.അനിൽകുമാർ,
രജിസ്ട്രാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |