തിരുവനന്തപുരം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടികൾ നാലുവർഷത്തിലേറെ വൈകിയതിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. വാക്കൗട്ട് പ്രസംഗവും അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിനെ പ്രസ്താവന നടത്താൻ അനുവദിച്ചു. കെ.കെ.രമയാണ് നോട്ടീസ് നൽകിയത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ച കീഴ്‌വഴക്കമുണ്ടെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാത്തത് സഭയ്ക്ക് അപമാനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. നോട്ടീസിന് അനുമതി നൽകാത്ത സ്പീക്കറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. സർക്കാർ പ്രതിരോധത്തിൽ ആയതിനാലാണ് ചർച്ച അനുവദിക്കാത്തതെന്ന് സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
കൗരവസഭയോ: സതീശൻ
നിയമസഭ കൗരവസഭയായി മാറുകയാണെന്ന് വി.ഡി. സതീശൻ വാക്കൗട്ടിനു ശേഷം പുറത്തുപറഞ്ഞു. സ്ത്രീകളെ ബാധിക്കുന്ന വിഷയം നിയമസഭയിൽ അല്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യുക. നോട്ടീസിന് അനുമതി നിഷേധിച്ചത് ഞെട്ടിക്കുന്നു. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ പറഞ്ഞത്. അതിനെയാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുന്നത്. ലൈംഗികാതിക്രമ പരമ്പര വ്യക്തമായിട്ടും നാലരവർഷം സർക്കാർ റിപ്പോർട്ട് കൈയിൽവച്ചത് നിയമവിരുദ്ധമാണ്. ആറുമാസം തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചെയ്തത്. സ്ത്രീവിരുദ്ധ നിലപാടുള്ള ഈ സർക്കാരിനെ എങ്ങനെ സ്ത്രീകൾ വിശ്വസിക്കും.ഇരകൾക്ക് ആത്മവിശ്വാസം നൽകുന്ന നിലപാടെടുത്തെങ്കിൽ എല്ലാവരും മൊഴിനൽകുമായിരുന്നു. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി സർക്കാർ കോൺക്ലേവിന് ഒരുങ്ങുകയാണെന്നും സതീശൻ പറഞ്ഞു.
ചർച്ച അനുവദിക്കാത്തത് വഞ്ചനയാണെന്നും സ്ത്രീസമൂഹത്തെ പറ്റിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു. റിപ്പോർട്ടിൽ സർക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്ന് എം.കെ.മുനീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |