തിരുവനന്തപുരം: നാട്ടുകാരുടെ പോക്കറ്റിൽ കൈയിട്ടാണോ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. നിയമസഭയിൽ ട്രഷറി നിയന്ത്രണത്തിനും പദ്ധതി വെട്ടിച്ചുരുക്കലിനുമെതിരെ കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്തിനും മദ്യത്തിനും പെട്രോളിനും രജിസ്ട്രേഷനും തുടങ്ങി സർവമേഖലയിലും നിരക്ക് വർദ്ധനയാണ്. ഇങ്ങനെ കിട്ടുന്ന പണം എവിടെ പോകുന്നുവെന്നാണ് അറിയേണ്ടത്. ട്രഷറിയിൽ എപ്പോഴും നിയന്ത്രണമാണ്. മറ്റ് സംസ്ഥാനങ്ങളിൽ പ്ളാൻഫണ്ട് വർഷാവർഷം വികസിക്കുമ്പോൾ കേരളത്തിൽ ബോൺസായ് പോലെ ഒരേനിലയിലാണ്. കിട്ടാനുള്ള നികുതി പിരിച്ചെടുക്കാൻ സംവിധാനമില്ല. സ്വർണ വ്യാപാരത്തിന്റെ കണക്കുപോലും സർക്കാരിനില്ലെന്നും സതീശൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ നിഷ്ക്രിയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേന്ദ്രസഹായം കിട്ടുന്നില്ലെന്നാണ് ന്യായീകരണം. കേന്ദ്രസഹായം കിട്ടാൻ പക്ഷെ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1991ലെ പുതിയ സാമ്പത്തിക നയങ്ങളുണ്ടാക്കിയ നേട്ടവും ജി.എസ്.ടി വന്നപ്പോഴുള്ള ആനുകൂല്യങ്ങളും മുതലാക്കാൻ കഴിയാതിരുന്നതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |