തിരുവനന്തപുരം: കടം പെരുകി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് കേരളം ശ്രീലങ്കയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിരന്തര ആക്ഷേപം. എന്നാൽ ശ്രീലങ്കയും കേരളത്തിന്റെ പാത സ്വീകരിക്കുന്നുവെന്നാണ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ട്രഷറി നിയന്ത്രണത്തിനും പദ്ധതി വെട്ടിച്ചുരുക്കലിനുമെതിരെ പ്രതിപക്ഷാംഗം മാത്യുകുഴൽനാടൻ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത് ജനജീവിതത്തെ ബാധിച്ചിട്ടില്ല. ഒരു മേഖലയിലും ചെലവ് ചുരുക്കുന്ന സമീപനവും സർക്കാർ സ്വീകരിച്ചിട്ടില്ല. ഓണക്കാലത്തടക്കം വിലക്കയറ്റം പിടിച്ചുനിറുത്താനായി. പദ്ധതി ചെലവിൽ ചില താത്കാലിക ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. സ്ഥിതി മാറുന്നതിനനുസരിച്ച് അത് ഒഴിവാക്കും. സംസ്ഥാനത്തിന്റെ വരവിലും ചെലവിലും പ്രതിസന്ധി ബാധിച്ചിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 70000 കോടിയും ഒന്നാം പിണറായി സർക്കാരിൽ 1.17ലക്ഷം കോടിയുമായിരുന്നു പ്രതിവർഷ ശരാശരി വരുമാനം. എന്നാലിപ്പോൾ അത് 1.61 ലക്ഷംകോടിയായി ഉയർന്നു. കഴിഞ്ഞവർഷം സെപ്തംബർവരെ 85700കോടിയായിരുന്നു ചെലവെങ്കിൽ ഈ വർഷം അത് 94882 കോടിയായി. നികുതിയേതര വരുമാനം 7327കോടിയിൽ നിന്ന് 16346കോടിയായി.പൊതുകടം 38.41%ൽ നിന്ന് 33.4%ആയി കുറഞ്ഞു. ആകെ പ്രതിസന്ധിയുണ്ടായത് കേന്ദ്രത്തിൽ നിന്നും കിട്ടുന്നതിലെ കുറവാണ്. 47,837 കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കിട്ടുന്നത് 33,811 കോടിമാത്രമാണ്.എന്നാൽ അത് പരിഹരിക്കാൻ സർക്കാരിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് മടിയാണെന്ന്.മന്ത്രി കുറ്റപ്പെടുത്തി. മറുപടി മുഴുവൻ കേൾക്കാൻ നിൽക്കാതെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |