കൊച്ചി: വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾ വികസിപ്പിക്കുന്നതിന് തോട്ടം ഭൂമി ഉപയോഗപ്പെടുത്താൻ നയങ്ങളിൽ മാറ്റം വരുത്തണമെന്ന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ കൊച്ചിയിൽ നടന്ന ധനകാര്യ വിഷൻ 2031 സെമിനാറിൽ പറഞ്ഞു.
കേരളത്തിൽ ആവശ്യത്തിന് ഭൂമിയുണ്ട്. പക്ഷേ പൊതു മനോഭാവം എതിരായതിനാൽ തോട്ടം ഭൂമി ഉപയോഗിക്കാൻ കഴിയുന്നില്ല. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ തോട്ടഭൂമികൾ വ്യവസായത്തിന് അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാനാകും. മുന്നണിയിലോ പാർട്ടിയിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ അഭിപ്രായമാണ്. നിയമത്തിലല്ല മനോഭാവത്തിലാണ് മാറ്റം വേണ്ടത്.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വളരുന്ന വിഴിഞ്ഞം പദ്ധതിയുടെ നേട്ടം പൂർണമായും കേരളത്തിന് ലഭിക്കണമെങ്കിൽ വലിയ വ്യവസായ മുന്നേറ്റം സാദ്ധ്യമാക്കണം. വിഴിഞ്ഞം-കൊല്ലം -പുനലൂർ വ്യവസായ ഇടനാഴി വികസിപ്പിക്കാൻ 10,000 ഏക്കർ ഭൂമിയാണ് കണ്ടെത്തേണ്ടത്.
ജി.എസ്.ടി പരിഷ്കരണത്തിലൂടെ കേരളത്തിന് പ്രതിവർഷം 10,000 കോടിയുടെ വരുമാന നഷ്‌ടമുണ്ടാകും. വ്യക്തമായ പഠനമില്ലാതെയും നിരക്ക് ഏകീകരണ സമിതിയിൽ ചർച്ച ചെയ്യാതെയുമാണ് ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നിരക്ക് കുറച്ചതിന്റെ നേട്ടം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ല. കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും കേരളത്തെ വലിഞ്ഞു മുറുക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്രത്തിന്റെ കടും പിടിത്തം മൂലം കടത്തിന്റെ വർദ്ധനയുടെ തോത‌് അൻപത് ശതമാനമായി കുറഞ്ഞു. 2.5 ലക്ഷം കോടിയുടെ നിക്ഷേപ സാദ്ധ്യതകൾ കേരളത്തിന് നഷ്‌ടമായി.
ലോട്ടറി ഏജന്റുമാരുടെ
ഡിസ്‌കൗണ്ട് കൂട്ടും
ലോട്ടറിയുടെ ജി.എസ്.ടി കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഏജന്റുമാർ നേരിടുന്ന നഷ്‌ടം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏജന്റുമാരുടെ ഡിസ്‌കൗണ്ടിൽ നേരിയ വർദ്ധനയുണ്ടാകും. നിരക്കിൽ മാറ്റമുണ്ടാകാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |