
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ കുതിപ്പുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
മാദ്ധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബഡ്ജറ്റ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ക്ഷേമബഡ്ജറ്റായിരിക്കുമെന്നും സൂചിപ്പിച്ചു. വൃദ്ധജനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. അവരുടെ ജനസംഖ്യാ ശതമാനം രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണ്. വയോജന അനുകൂല സാമൂഹ്യക്ഷേമ സംവിധാനം സംസ്ഥാനത്ത് അനിവാര്യമായിരിക്കുന്നു. സർക്കാരിന്റെ നയപരിപാടികളിൽ ഇതുൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാനത്തിന്റെ ഭാവി വികസന അത്താണിയായി മാറും.അതിന് അനുസൃതമായ പദ്ധതികൾ ആവിഷ്ക്കരിച്ചുവരികയാണ്. അത് തുടരും. സർക്കാരിന്റെ വരുമാനം ലോട്ടറിയും മദ്യവുമാണെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വരുമാനം മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ്. ലോട്ടറിയെ തൊഴിൽ,ക്ഷേമപദ്ധതിയായാണ് സർക്കാർ കാണുന്നത്. അഞ്ചുവർഷമായി മദ്യത്തിന്റെ നികുതി കൂട്ടിയിട്ടില്ല.മയക്കുമരുന്ന് വ്യാപനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാഗമായാണത്. കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണവും പ്രതികൂല നിലപാടും എടുത്തിട്ടും ശമ്പളവും പെൻഷനും അടക്കമുള്ളവ മുടങ്ങാതെ കൊണ്ടുപോകാനും ആരോഗ്യം,വിദ്യാഭ്യാസം,മൂലധനചെലവ് എന്നിവയിൽ നല്ല പ്രകടനം നടത്താനുമായത് തനത് വരുമാനത്തിൽ വർദ്ധന നേടിയതുകൊണ്ടാണ്. സാമ്പത്തിക സ്ഥിതിയും വരുമാനവും പുരോഗതിയുടെ ലക്ഷണം കാണിച്ചുതുടങ്ങിയിയെന്നും മന്ത്രി പറഞ്ഞു.
ക്ഷേമപ്രവർത്തനങ്ങളിലും വികസന,വരുമാന വർദ്ധനയിലും മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രി ആരാഞ്ഞു. പ്രായോഗിക നിർദ്ദേശങ്ങൾ ബഡ്ജറ്റിലുൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബുവും സന്നിഹിതനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |