കൊച്ചി ബ്രഹ്മപുരം വിഷയത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാത്ത ഒരേയൊരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ. മാലിന്യ വിഷയം മനസിന് വലിയ ആഘാതം ഉണ്ടാക്കിയിരുന്നു. പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രി ഒരിക്കൽ പോലും പ്രതികൂലമായ ഒരു പരാമർശം പോലും നടത്തിയില്ല. അദ്ദേഹം ആശങ്കപ്പെടുത്തിയില്ല. മറ്റുള്ളവർ പരാതിപറഞ്ഞപ്പോഴും അവരത് ചെയ്യുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാരൊക്കെയുണ്ട്, പക്ഷേ നിങ്ങളാണ് പോരാടേണ്ടത്, പ്രതിസന്ധികളെ കമ്മ്യൂണിസ്റ്റുകാർ മറികടക്കണം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അനിൽ കുമാർ വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസമാണ് മുന്നോട്ടുകൊണ്ടുപോയത്. ബ്രഹ്മപുരം ജീവിതത്തിൽ പലതിന്റെയും പാഠമായി മാറി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രതിസന്ധിയിൽ കളക്‌ടർ എൻ എസ് കെ ഉമേഷ്, റവന്യൂ വകുപ്പ്, ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് പരിഹാരമുണ്ടാക്കാൻ സഹായിച്ചത്.
എല്ലാ പുതിയ കാര്യങ്ങളും വന്നിറങ്ങുന്ന സ്ഥലമാണ് കൊച്ചി. എയർപോർട്ട്, സീപോർട്ട് എന്നിവ ഇതിനുദാഹരണമാണ്. ഇങ്ങനെയൊരു നഗരം അപൂർവ്വമാണ്. പൊലീസിന് പൊലീസിന്റേതായ പരിമിതികളുണ്ട്. കൊച്ചിയിൽ അധോലോകം ഉണ്ടെന്ന അഭിപ്രായമില്ല. നൈറ്റ് ലൈഫ് ആദ്യം വന്ന സ്ഥലമാണ് കൊച്ചി. പത്ത് മണിക്കുശേഷം അവരെ നിയന്ത്രിക്കാൻ പോയാൽ അതൊരു നെഗറ്റീവ് ആകും. പണ്ടുകാലത്ത് പൊലീസ് ഒന്നുനോക്കിയാൽ കൂട്ടംകൂടി ഇരിക്കുന്നവർ പിരിഞ്ഞുപോകുമായിരുന്നു. ഇന്ന് പൊലീസ് അങ്ങോട്ടുപോയി ചോദിച്ചാൽ തിരിച്ചുചോദിക്കുക ഞങ്ങൾ ഇവിടെ ഇരിക്കുന്നതിൽ നിയമപ്രകാരം പ്രശ്‌നമില്ലല്ലോ എന്നായിരിക്കും'- എം അനിൽ കുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |