കൊച്ചി: ഓരോ ദിവസവും ബ്രഹ്മപുരം പ്ളാന്റിലെത്തുന്ന 100 ടൺ ഭക്ഷ്യമാലിന്യം സംസ്കരിക്കാൻ കൊച്ചി കോർപ്പറേഷൻ പട്ടാളപ്പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്ളൈ ലാർവ) രംഗത്തിറക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ വിജയിച്ച ഈ രീതി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ഈറോഡ്, പാലക്കാട് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടക്കുന്നുണ്ട്.
പട്ടാളപ്പുഴുവിന്റെ പ്രധാന ഭക്ഷണം മാംസവും ജൈവ മാലിന്യവുമാണ്. ഒരു ദിവസം 200 ഗ്രാം മാലിന്യം വരെ ഓരോ പുഴുവും അകത്താക്കും. പുഴുക്കൾ മനുഷ്യർക്കോ പക്ഷിമൃഗാദികൾക്കോ ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല തരത്തിലും ഉപകാരിയുമാണ്.
സർവസാധാരണമായി കാണുന്ന ഒരിനം ഈച്ചയാണ് ബ്ലാക് സോൾജിയർ ഫ്ളൈ. ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമികരോഗങ്ങൾ പരത്തുകയോ ചെയ്യില്ല. ഇണ ചേരുന്നതോടെ ആണീച്ചയും മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാകും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകളാണ് മാലിന്യം തിന്ന് ജൈവ വളമാക്കുന്നത്.
ലാർവയുടെ ആയുസ് 22 ദിവസമാണ്. പ്ളാന്റിലെ ലാബിൽ വളർത്തിയെടുക്കുന്ന ലാർവയെ ജൈവമാലിന്യത്തിൽ കലർത്തുന്നതോടെ രണ്ട് ആഴ്ചയ്ക്കുള്ളിൽ മാലിന്യം വളമായി മാറും. വളം അരിച്ചെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. വളത്തിൽ നിന്ന് ലാർവയെ വേർതിരിച്ചെടുത്ത് വേവിച്ച് മൃഗങ്ങൾക്കും കോഴികൾക്കും മത്സ്യങ്ങൾക്കും തീറ്റയായി നൽകാം.
താത്കാലിക സംവിധാനം
ബ്രഹ്മപുരത്ത് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ബയോ സി.എൻ.ജി പ്ലാന്റ് 2025 ആഗസ്റ്റിൽ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അത്രയും കാലത്തേക്കുള്ള താത്കാലിക സംവിധാനമെന്ന നിലയിലാണു പട്ടാളപ്പുഴു പദ്ധതി പരിഗണിക്കുന്നത്.
''കോർപ്പറേഷന് സാമ്പത്തിക ചെലവില്ല. പരിസ്ഥിതി സൗഹാർദ്ദവുമാണ്. ടെൻഡർ വഴി തെരഞ്ഞെടുത്ത സിഗ്‌മ കമ്പനിയാണ് പദ്ധതി ഏറ്റെടുക്കുന്നത്. ലാർവയെ ഉപയോഗിച്ച് ജൈവമാലിന്യ സംസ്കരിക്കുന്ന കമ്പനിയാണിത്.""
ബാബു അബ്ദുൾ ഖാദിർ
സെക്രട്ടറി
കൊച്ചി കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |