കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ കാണാൻ കോടതി വരാന്തയിൽ കാത്തുനിന്ന് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി. സി പി എം നേതാവായ എ പീതാംബരനാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി.
ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായിട്ടാണ് എം കെ സുനിൽകുമാർ എന്ന കൊടി സുനി സിബിഐ കോടതിയിലെത്തിയത്. ഈ സമയത്തായിരുന്നു പെരിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷയിലെ വാദം. പതിനൊന്നരയോടെ വാദം പൂർത്തിയാക്കി പ്രതികളെ പുറത്തിറക്കി. ഇതിനിടയിൽ സുനി പോയി പീതാംബരന് കൈകൊടുത്ത് സംസാരിക്കുകയായിരുന്നു.
അതേസമയം,പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും പിഴയും ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം സി.പി.എം നേതാക്കളായ നാലു പ്രതികൾക്ക് 5 വർഷം തടവുശിക്ഷയും പിഴയുമാണ് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. ജീവപര്യന്തം കിട്ടിയവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും മറ്റുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും മൊത്തം 20.7 ലക്ഷം ഈടാക്കി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പങ്കിട്ടു നൽകാനും വിധിച്ചു.
കേസിലെ ഒന്നു മുതൽ എട്ട് വരെ പ്രതികളും പെരിയ സ്വദേശികളുമായ എ. പീതാംബരൻ (52), സജി സി. ജോർജ് (46), കെ.എം. സുരേഷ് (33), കെ. അനിൽകുമാർ (അബു-41), ജി.ഗിജിൻ (32), ആർ. ശ്രീരാഗ് (കുട്ടു-28), എ. അശ്വിൻ (അപ്പു-24), സുബീഷ് (മണി-35) പത്താം പ്രതി ടി. രഞ്ജിത് (52), പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ (വിഷ്ണു സുര-53) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. പീതാംബരൻ പെരിയ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |