തിരുവനന്തപുരം: നസിയയുടെ ശബ്ദം തീരെ നേർത്തിരിക്കുന്നു. വാക്കുകൾ മുറിയുന്നു. നേരെ ശ്വാസമെടുക്കാൻ കഴിയുന്നില്ല. സമരരംഗത്ത് ഉച്ചത്തിൽ പ്രതിഷേധിച്ചു എന്നതാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗമായ നസിയ ചെയ്ത കുറ്റം.
മുഖത്ത് ലാത്തികൊണ്ടടിച്ച് കറുത്ത പാട് വീഴ്ത്താൻ ശ്രമിച്ച പൊലീസുകാരന്റെ മുഖം നസിയയ്ക്ക് മറക്കാനാവില്ല. പക്ഷേ, ആരെന്നത് ഒളിച്ചുവയ്ക്കാനാണ് പൊലീസ് ശ്രമം.അരുതാത്തതാണ് ചെയ്തതെന്ന് അറിയാവുന്ന അയാൾ അപ്പോൾത്തന്നെ സ്വന്തം മുഖം ഷിൽഡ് കൊണ്ടു മറച്ചതും പലരും കണ്ടതാണ്.തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കാത്തു കിടക്കുകയാണ് കോ ട്ടയം മേലുകാവ് സ്വദേശിയായ നസിയ. മൂക്കിന്റെ പാലമാണ് അടിച്ചുതകർത്തത്. ചതവിൽ നീർക്കെട്ട് ഉണ്ടായതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാൻ കഴിയാതായി.
കിടക്കയിൽ ചാരിയിരുന്ന് നസിയ കേരളകൗമുദിയോട് പറഞ്ഞു: ഇനി എന്റെ ശബ്ദം ഉയരരുതെന്ന് അയാൾ ആഗ്രഹിച്ചിരിക്കാം. യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദത്തിന് പഠിക്കുകയാണ് ഉമ്മൻചാണ്ടിയെ മാർഗദർശിയായി കാണുന്ന നസിയ.
തൃശൂർ കേരള വർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന ആരോപണത്തിൽ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്കുള്ള മാർച്ചിൽ പങ്കെടുക്കുകയായിരുന്നു.
പെൺകുട്ടികളെ അസഭ്യം പറഞ്ഞ പൊലീസുകാരനെ ചോദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് മറ്റൊരു പൊലീസുകാരൻപിന്നിൽനിന്ന് എത്തിയടിച്ചത്. മൂക്കിലും കവിളിലുമായി ലാത്തി ആഞ്ഞ് പതിച്ചു. ആദ്യം ഒരു മരവിപ്പായിരുന്നു.ഒപ്പം രക്തം ചീറ്റിത്തെറിച്ചു.നിലവിളിച്ചതുപോലും ഞാനറിഞ്ഞില്ല.
ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരിട്ടതാണ് അതിനേക്കാൾ ക്രൂരത. ഉച്ചകഴിഞ്ഞ് രണ്ടരയോടെ എത്തിയതാണ്.ടി.ടി എടുത്തശേഷം കുറച്ച് പഞ്ഞി തന്നു. രക്തം നിലയ്ക്കുന്നില്ല. രക്തത്തിൽ കുതിർന്ന പഞ്ഞി പലവട്ടം മാറ്റി പകരം തരുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. 'നിങ്ങളെന്നെ കൊല്ലാൻ കൊണ്ടുവന്നതാണോ' എന്ന് ചോദിച്ച് നിലവിളിച്ചപ്പോഴാണ് മുറിവ് വച്ചുകെട്ടാൻ തയ്യാറായത്.
മുറിവ് മാരകമായിട്ടും നിസാരമട്ടിലാണ് കൈകാര്യം ചെയ്തത്. മുറിവ് വച്ചുകെട്ടിയത് വൈകിട്ട് നാലരയോടെ. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം പ്രവർത്തകർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രി ബിന്ദുവിനെതിരെയുള്ള എല്ലാ സമരങ്ങളിലും മുന്നിലുണ്ടായിരുന്നു. അതിന്റെ പക തീർത്തതാവാമെന്നാണ് നസിയ കരുതുന്നത്.പ്ളസ് വൺ വിദ്യാർത്ഥിനിയായിരിക്കെ, സംഘടനാ പ്രവർത്തനം തുടങ്ങിയതാണ്.
നാട്ടകം ഗവൺമെന്റ് കോളേജിൽ ബി.കോമിന് പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ യൂണിറ്ര് പ്രസിഡന്റായിരുന്നു.
പൊലീസുകാരനെ കണ്ടെത്താൻ ശ്രമം
കഴിഞ്ഞദിവസം കെ.എസ്.യുവിന്റെ മാർച്ചിനിടയിൽ വനിതാപ്രവർത്തക നസിയ മുണ്ടപ്പള്ളിക്ക് നേരെ ലാത്തി വീശി മൂക്കെല്ല് പൊട്ടിച്ച പൊലീസുകാരനെ കണ്ടുപിടിക്കാൻ പൊലീസും ശ്രമിക്കുന്നു. ഇയാൾ എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |