കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ.കെ.എൻ. മധുസൂദനനെ തിരഞ്ഞെടുത്തു.
സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ പ്രൊഫസറും സിൻഡിക്കേറ്റംഗവുമാണ്. രജിസ്ട്രാറുടെ താൽക്കാലിക ചുമതല കൂടി വഹിക്കുന്ന ഡോ. മധുസൂദനൻ. കൊച്ചി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി. രണ്ടു വർഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ റിസർച്ച് അസോസിയേറ്റ് ആയും തുടർന്ന് അഞ്ചു വർഷം ഇറ്റലി, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷകനായും പ്രവർത്തിച്ചു.
1995 ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ റീഡറായി നിയമിതനായി. 2004 മുതൽ പ്രൊഫസറാണ്. എം.ജി സർവകലാശാല എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി ഡീൻ ആയിരുന്നു. അക്കുസ്റ്റിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ, ഇന്ത്യൻ ഫിസിക്‌സ് അസോസിയേഷൻ എന്നിവയിലെ ആജീവനാന്ത അംഗമാണ്.
കണ്ണൂർ രാമന്തളി പയ്യൂർ കൊട്ടാരത്തിൽ നടുവിൽ പരേതരായ പി.എം. കൃഷ്ണൻ അടിയോടിയുടെയും കെ. എൻ. ശ്രീദേവിയുടെയും മകനാണ്. ഭാര്യ ബിന്ദു പൊതുവാൾ കാക്കനാട് വിസ്‌ലിക്ക ഐ.ടി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജരാണ്. ഋത്വിക് (വിശാഖപട്ടണം ഐ.എം.യു ബി.ടെക് വിദ്യാർത്ഥി), അരുന്ധതി (ഭവൻസ് വരുണ വിദ്യാലയം, കാക്കനാട് ) എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |